Monday, October 12, 2009

വൃന്ദാവനം കൈവിട്ട കണ്ണൻ !!


കണ്ണൻ വീണ്ടും വൃന്ദാവനത്തിൽ എത്തിയിരിയ്ക്കയാണ് .
തെറ്റിദ്ധരിക്കേണ്ട..കണ്ണൻ രോഗിയും , വൃന്ദാവൻ ഈ ഹോസ്പിറ്റലുമാകുന്നു.മൂന്നു മാസങ്ങൾക്ക് മുൻപ് അയാൾ ഇവിടെ വന്നത് നെഞ്ചു വേദനയുമായിട്ടായിരുന്നു. എക്സ് റേ ഉൾപ്പെടെ അടിസ്ഥാന പരിശോധനകളെല്ലാം കഴിഞ്ഞ് , തൊണ്ടിയോടെ ന്യായാധിപനു മുന്നിൽ ഹാജരാക്കപെട്ട പ്രതിയെപ്പോലെ അന്നയാൾ ഡോ: മൂർത്തിക്കു മുന്നിലിരുന്നു.

ഡോ: ഒരു ഗവേഷണവിദ്യാർത്ഥിയുടെ അവധാനതയോടെ എക്സ് റേ ലോബിയിലിരിക്കുന്ന അയാളുടെ നെഞ്ചിന്റെ ഭൂപടം പരിശോധിച്ച് പ്രവാചകനായ ഒരു കവിയെ പോലെ പറഞ്ഞു തുടങ്ങുകയുണ്ടായി:

“ രോഗം മൊട്ടിട്ടു കഴിഞ്ഞു… ഇനി അത് ഒരു പൂവായിവിടരും…പിന്നെ വസന്തമാകും.അതു വരെ കാത്തിരിക്കാം.”
“അപ്പോൾ ചികിത്സ”?
കണ്ണൻ ഇടർച്ചയോടെ ചോദിച്ചു..

“മൂന്ന് മാസം കഴിഞ്ഞു വരൂ ... അപ്പോൾ നിശ്ചയിക്കാം.”
ഡോ: മൂർത്തിയുടെ സ്വരം ഉറച്ചതായിരുന്നു. അതെ... വൃന്ദാവൻ ക്ലിനിക്കിലെ പ്രഗൽഭനായ ഡോക്ടറുടേത് അവസാന വാക്കായിരുന്നു !!

അങ്ങിനെ വേദനയുടെ വസന്തോത്സവം മൂന്നു മാസം ആഘോഷിച്ചതിനു ശേഷം അയാൾ വീണ്ടും ഇവിടെ എത്തിയിരിക്കുന്നു .
വീര്യം കൂടിയ വീഞ്ഞു സേവിച്ചതു പോലെ വേദനയുടെ ലഹരിയിൽ അയ്യാളുടെ കണ്ണുകൾ കൂമ്പിയിരുന്നു. ഡോക്ടർ അയ്യാളെ ഹൃദയപൂർവ്വം സ്വീകരിച്ചു ചികിത്സാമുറിയിലേക്ക് കൊണ്ടു പോയി.
അയ്യാ‍ളെ അവിടെ എത്തിച്ച അപരിചിതൻ വരാന്തയിലെ തിരക്കിലെവിടെയോ അപ്രത്യക്ഷനായിരുന്നു....

ഡോ:മൂർത്തിയും അയ്യാളും ഒരു കട്ടിലും മാത്രം. ഡോക്ടറുടെ കണ്ണിൽ പിതൃവാത്സല്ല്യം അയാൾ കണ്ടു. പക്ഷെ അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശിശിരത്തിന്റെ തണുപ്പായിരുന്നു.

ഒരു വലിയ സിറിഞ്ചിൽ മരുന്നു മായി സിസ്റ്റർ എത്തി.
ഡോക്ടർ അതേറ്റുവാങ്ങി കണ്ണന്റെ കൈതണ്ടയിലെ നീല ഞരമ്പിൽ കുത്തിവക്കുവാൻ തുടങ്ങി .കണ്ണൻ ഒരു മയക്കത്തിലേക്കു വീണു കൊണ്ടിരിക്കുകയാണ്...

ഡോക്ടറുടെ സ്വരം അപ്പോഴും അയ്യാൾ കേൾക്കുന്നുണ്ട്.

“ഈ മരുന്നിന്റെ തുള്ളികൾ നിന്റെ വേദനയെ നിർവീര്യമാക്കും.പിന്നെ വേദനകൊണ്ടു മുറുകിയ പേശികളെ ഒന്നന്നായി തളർത്തും..ആദ്യം കൈകാലുകൾ..പിന്നെ ഉടൽ..”
ഡോക്ടറുടെ സ്വരം ചക്രവാള ത്തിനപ്പുറം മറഞ്ഞു കഴിഞ്ഞു.....
ഉറങ്ങി എണീക്കുമ്പോൾ വേദനയെല്ലാം പൊയ് പോയിരുന്നു..ആശുപത്രിയുടെ ഡെറ്റോൾ ഗന്ധം മാറി പൂജാമുറിയിലെ ചന്ദനത്തിരി സുഗന്ധം പരന്നു..
മുറിയിലാകട്ടെ ആരുമില്ല!
അപ്പോൾ കണ്ണനു എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്നു തോന്നി.
അങ്ങിനെ അയാൾ ആരോടും പറയാതെ അവിടെ നിന്നെഴുന്നേറ്റ് പുറത്തു കടന്നു.
തോട്ടത്തിൽ സ്പൈഡർ ലില്ലികൾ പൂത്തു നിൽക്കുന്നു..
വൃന്ദാവനത്തിൽ നിന്നു രക്ഷപെട്ട കണ്ണൻ അമ്പാടി ലക്ഷ്യമാക്കിനടന്നു.
‘അമ്പാടി’ അയാളുടെ വീടിന്റെ പേരാണ്.

ഒരേയൊരു മകന്റെ പേരും അതു തന്നെ...

സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തുമ്പോൾ സന്ധ്യയായിയിരുന്നു..
കാറു മൂടിയ ആകാശത്തിനു കീഴേ മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഒരു നേർത്ത വെളിച്ചം വഴികാട്ടിയായി ..മഴതോർന്ന പാടത്ത് മിന്നാമിനുങ്ങുകളുടെപാനീസു വിളക്കുകൾ പാറി നടക്കുന്നു.
എതിരെ ആരോ വരുന്നുണ്ട്...
അടുത്തെത്തിയപ്പോഴാണ്ആളെ മനസ്സിലായത്. അടുത്ത വീട്ടിലെ ജോസഫ്.!
അയാൾ കണ്ണനോട് അസുഖ വിവരങ്ങൾ ചോദിച്ചു. ക്ഷണനേരത്തെ കുശലാന്വേഷണത്തിനുശേഷം ഇരുളിൽ മറഞ്ഞു. തനിച്ചായപ്പൊഴാണു ഒരു ഞെട്ടലോടെ ഓർത്തത്.
ങ്ഹേ ജോസഫ് !!! മുൻപ് ഇതുപോലൊരു സന്ധ്യക്ക് ഇയാളുടെ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോളല്ലേ ആദ്യമായി തനിക്ക് നെഞ്ചു വേദന അനുഭവപെട്ടത് !!
മൂന്നു മാസം മുൻപ് മരിച്ച ജോസഫിനെയാണ് ഇപ്പോൾ കണ്ടത്!
ഒരു പക്ഷെ മരുന്നിന്റെ സെഡേഷൻ വിടുന്നതായിരിക്കാം..അല്ലെങ്കിൽ ഇതൊരു സ്വപ്നാടനമാകാം..എന്തായാലും വല്ലാത്ത ഒരു ലാഘവത്വം അനുഭവപെടുന്നുണ്ട്.
വീണ്ടും മുന്നോട്ടു നടന്നു..
വർഷങ്ങൾക്കപ്പുറത്തു നിന്നെന്നപോലെ ഒരു സ്വരം കേൾക്കുന്നു!
ഒരു പദ്യപാരായണം ..ചെറുമൻ ചേന്ദന്റെ കുടിലിൽ നിന്നാ‍ണ്.
വരാന്തയിലിരുന്ന് പാഠ പുസ്തകത്തിലെ കവിത ഉറക്കെ ചൊല്ലുകയാണ് അയാളുടെ മൂത്ത മകൾ. മുപ്പത് വർഷം മുമ്പ് പാമ്പുകടിയേറ്റു മരിച്ചു പോയ സാവിത്രി !
അവൾ തന്റെ സഹപാഠിയായിരുന്നു..!!

മതിഭ്രമങ്ങളിൽ നിന്ന് രക്ഷപെടാനെന്നപോലെ അയാൾ നടത്തത്തിന് വേഗം കൂട്ടി.

വീട്ടിലെത്തിയപ്പോൾ രാധിക വാതിൽ ചാരാതെ തന്നെ കാത്തിരിക്കുകയാണ്. അയാൾ വാതിൽക്കൽ നിറഞ്ഞു നിന്ന് മെല്ലെ ചുമച്ചു.
തന്റെ സാന്നിധ്യം അവളറിഞ്ഞില്ലെന്നു തോന്നിയപ്പോൾ വീണ്ടും അയാളൊന്നു മുരടനക്കി..

അവൾ മിഴികൾ ഉയർത്തി .അവളുടെ നോട്ടം സുതാര്യമായ തന്റെ ഉടലിലൂടെ കടന്ന് പടിപ്പുരയിലേക്ക് നീണ്ടു…
അപ്പോൾ മാത്രമാണ് താൻ കഥാവശേഷ നായെന്ന് അയ്യാൾക്ക് പൂർണ്ണബോധ്യം വന്നുള്ളൂ.

16 comments:

  1. വളരെ നന്നായി വലിച്ചു നീട്ടില്ലാതെ,
    അത്യധികമായ വര്‍‌ണ്ണനകള്‍ ഇല്ലാതെ മനോഹരമായി പറഞ്ഞു വച്ച കഥ .. വായിച്ചു കഴിയുമ്പോള്‍ മരണത്തിന്റെ നിസ്സഹായതയും
    അതു വരുത്തുന്ന ആ ശൂന്യതയും ... "അവളുടെ നോട്ടം സുതാര്യമായ തന്റെ ഉടലിലൂടെ കടന്ന് പടിപ്പുരയിലേക്ക് നീണ്ടു…..."
    ഈ ഒറ്റവരിയിലൂടെ മനസ്സിലേക്ക് ശരം പോലെ പാഞ്ഞിറങ്ങുന്നു.... നന്മകള്‍ നേരുന്നു ...

    ReplyDelete
  2. വളരെ സുന്ദരമായ ഒരു ചെറുകഥ..... ഒരു ചെറുസിനിമ പോലെ....

    ReplyDelete
  3. ജീവിതമെന്ന മഹാരോഗത്തിന് ഫലപ്രദമായ ഒരേയൊരു ചികിത്സ
    മരണം തന്നെയെന്ന ‘കറുത്തസത്യം’ ഭംഗ്യന്തരേണ പറഞ്ഞുവച്ചിരിക്കുന്നു..

    ReplyDelete
  4. നല്ല എഴുത്ത്.

    ആശംസകൾ

    ReplyDelete
  5. ന്നന്നായിരിക്കുന്നു
    രസമുണ്ട് വായിക്കാൻ :)
    ഇഷ്ടപ്പെട്ടു ഈ കൊച്ചു കഥ

    ReplyDelete
  6. ആഹാ.. കൊള്ളാമല്ലോ തീം.

    ReplyDelete
  7. കിടിലന്‍ അവതരണം...സിനിമയില്‍ പരീക്ഷിച്ചു കൂടെ? നല്ല തുടക്കം......ഇനിയും തുടരുക.

    ReplyDelete
  8. നല്ല കുഞ്ഞു കഥ. ധൈര്യമായിട്ടെഴുതിക്കോളൂ.

    ReplyDelete
  9. മരണത്തിന്റെ തിരശീലക്കു പിന്നില്‍ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുമെന്ന് ശരിക്കും തോന്നുന്നു. വളരെ നന്നായി.

    ReplyDelete
  10. ഒരു പക്ഷെ,മരണത്തിനു അടിപ്പെട്ട ശേഷം,ഓരോ ദേഹിയും ഇതുപോലുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോവുന്നുണ്ടാവാം അല്ലെ.?കഥ നന്നായിരിക്കുന്നു..ഇനിയും എഴുതൂ....

    ReplyDelete
  11. valare nannayirikunnu..bhaavukangal..oppam deepavali aashamsakalum

    ReplyDelete
  12. എഴുത്ത് ഇഷ്ടായി. നല്ല അവതരണം. പക്ഷെ ലേബല്‍ കണ്ടപ്പോള്‍ ഞെട്ടി! സത്യത്തില്‍ NALINI ഇപ്പഴെവിടെയാ സ്വര്‍ഗ്ഗത്തിലോ അതൊ വല്ല പനേടെ മേളിലോ ??

    ReplyDelete
  13. അവൾ മിഴികൾ ഉയർത്തി .അവളുടെ നോട്ടം സുതാര്യമായ തന്റെ ഉടലിലൂടെ കടന്ന് പടിപ്പുരയിലേക്ക് നീണ്ടു…

    ആഹ മനോഹരം, കിടിലന്‍
    എന്നാലും വായിച്ചു തീര്‍ന്നപ്പോള്‍ പേടി ആയി,
    ആശംസകള്‍, പോരട്ടെ ഇങ്ങനെ ഓരോന്നും.

    ReplyDelete
  14. ഒരു സംശയം.ഇത്‌ കഥയല്ലേ?അനുഭവം,ഓർമ എന്നു കണ്ടു.

    ReplyDelete
  15. ഇങ്ങനെ പേടിപ്പിക്കരുത്‌ കേട്ടോ ....ഒന്നാമത്‌ കൂടെ ഉള്ള പ്രേതങ്ങള്‍ കാച്ചി കളേം എന്നു പറഞ്ഞു നടക്കുവാ .... അപ്പോള്‍ ദേ വീണ്ടും ഇറക്കുമതി ........നല്ല കഥനാ രീതി ..തുടരുക

    ReplyDelete