Friday, October 23, 2009

ഒടിയൻ !







എടതിരിയൻ പാടം ആരംഭിക്കുന്ന മൂലയിൽ നേരമല്ലാനേരത്ത് കാളവണ്ടിയിറങ്ങി കമ്പിളി കണ്ടത്തിൽ കാരണവർ , മാനത്ത് താരാകദംബങ്ങളെല്ലാം തെളിഞ്ഞിരിക്കുന്നുവെങ്കിലും നക്ഷത്രവെളിച്ചവും നാട്ടു വെളിച്ചവും എത്തിനോക്കാത്ത ഊട് വഴികളിലൂടെ കല്ലുകളിൽ തട്ടി തെന്നുന്ന മെതിയടിപുറത്ത് പ്രയാസപെട്ട് നടന്നു.
കൂടൽ മാണിക്യം കോവിലിൽ പൂരവും കഴിഞ്ഞാണ് മൂപ്പരുടെ വരവ് . ചുമലിലെ കൈതോല വട്ടീയിൽ ആനയടിവലുപ്പത്തിലുള്ള ചിറ്റു മുറുക്ക്, അറബി നാട്ടിൽ നിന്ന് പത്തേമാരികളിൽ വന്നിറങ്ങുന്ന കളിയടക്കയുടെ വലുപ്പമുള്ള ഈത്തപ്പഴങ്ങൾ.., ഈറ്റത്തണ്ടു കൊണ്ടുള്ള പീപ്പികൾ, പമ്പരങ്ങൾ, മരപ്പാവകൾ ...മുതലായവ ഉണ്ട്..
ഇരുണ്ട് കിടക്കുന്ന നാട്ട് വഴികൾ താണ്ടി ഇടത്തിരുത്തി പാടത്തേക്കിറങ്ങിയതോടെ കണ്ണിൽ ഒരു നീല വെളിച്ചമുദിച്ചതു പോലെ തോന്നി കാരണവർക്ക്. മാണിക്യകവിടികൾ നിരത്തി ഒരു മഹാജ്യോതിഷിയായി, ധ്യാനിച്ച് നിൽക്കുന്ന മറയില്ലാത്ത വേനലാകാശം മുകളിൽ..
പ്രശ്നവിധിയെന്തെന്നറിയാൻ ഒരു കൃഷീവലനെ പോലെ കാത്തു നിൽക്കുകയാണ് താഴെ വരണ്ട് കിടക്കുന്ന വയൽ പരപ്പ്..
മഴപെയ്യുവാൻ ഇനി എത്രനാൾ.? ആയില്ല്യന്റെ വാലിൽ ഇരിപ്പുറപ്പിച്ചിരിക്കുന്ന അത്തകാക്ക പടിഞ്ഞാറ് ചായുന്നു. (ഹൈഡ്ര, കോർവസ് - മാനത്തെ രണ്ട് താരാഗണങ്ങൾ )
പാതിര കഴിഞ്ഞു . പക്ഷെ പുലരുവാനിനിയും എത്ര വിനാഴികകൾ. .താരങ്ങളുടെ സ്ഥാനം നോക്കി കാരണവർ മനസ്സിൽ കണക്കു കൂട്ടുവാൻ തുടങ്ങി..
അന്യദേശത്തായിരുന്നകാലത്ത് കാരണവർ അൽ‌പ്പം ജ്യോതിഷവും ജ്യോതിശാസ്ത്രവും പഠിച്ചിട്ടുണ്ട്. നക്ഷത്രരാശികളൊക്കെ മൂപ്പർക്ക് തിരിച്ചറിയാം.. അതുപോലെ ഒരു വിധം കാളീകൂളി പ്രേതാദികളൊന്നും മൂപ്പരുടെ അടുത്ത് അടുക്കുകയില്ല..!!
അത്യാവശ്യം മാന്ത്രികവിദ്യകളും കൈവശമുണ്ട് ..
അതുകൊണ്ടാണ് വയൽ വരമ്പിലൂടെ നടന്നു പോകുമ്പോള് പെട്ടന്ന് മുമ്പിൽ മാർഗ്ഗം തടഞ്ഞു കൊണ്ട് പ്രത്യക്ഷപെട്ട , വെളുത്ത കൂറ്റൻ കാള ഒരു സാധാരണ കാളയല്ലെന്ന് അദ്ദേഹത്തിന് ഒറ്റനോട്ടത്തിൽ മനസ്സിലായത് !!
അദ്ദേഹം വഴി മാ‍റാൻ മിനക്കെടാതെ നടന്നത് നേരെ കാളയുടെ നേർക്കാണ്..
അപ്പോ‍ൾ , അതൊന്ന് മുക്രയിട്ടു,!!
മരണം ഒരു വലിയ ബ്രാക്കറ്റിനുള്ളിലാക്കിയതു പോലുള്ള വലിയ കൊമ്പുകൾ കുലുക്കി.
ആരും പേടിച്ച് ഉടുതുണി നനക്കുന്ന സന്ദർഭം …
പക്ഷെ കാരണവർ ഇടത്തുകാൽ പിൻ മടക്കി ഒരൊറ്റ തൊഴിയായിരുന്നു.!!
ഉടനെ കാരണവരുടെ കാൽക്കൽ വീണ് തൊഴുതു..
കാളയല്ല , പഴയ സതീർഥ്യൻ പാണൻ കണാരൻ !!!
“അടിയനു ആളു തെറ്റി ..പൊറുക്കണം”.
കാരണവർ പക്ഷെ , കാൽക്കൽ വീണു കിടക്കുന്ന പഴയ കൂട്ടുകാരനെസ്നേഹത്തൊടെ എണീപ്പിച്ച് നിറുത്തി.
“അപ്പോൾ , ഒടുവിൽ ഒടി വിദ്യകളൊക്കെ നീ പഠിച്ചു അല്ലേ?”
കാരണവർ , കണാരനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു..
പഠിക്കുന്ന കാലത്ത് വളരെ മോശം സ്റ്റുഡന്റായിരുന്നു പാണൻകണാരൻ .
ഒരു കൈ വിഷത്തിന്റെ കൂട്ടുകൾ പോലും ഓർത്ത് വക്കുവാൻ അവനെ കൊണ്ടാവില്ലായിരുന്നു. എന്തായാലും ഒന്നുമിണ്ടാനും പറയാനും ഒരാളെ കൂട്ടു കിട്ടിയതിൽ , അതും പഴയ കളികൂട്ടുകാരനെ, അതീവസന്തുഷ്ടനായിരുന്നു കാരണവര്.
ദീർഘനാളായി അന്യദേശത്തായിരുന്നതിനാൽ പലദേശവിശേഷങ്ങളും പാണനിൽ നിന്ന് അറിയാനുണ്ടായിരുന്നു കാരണവർക്ക്...പക്ഷേ പാണനു പറയുവാനുള്ളതേറെയും ദുരിതവിശേഷങ്ങളായിരുന്നു !
കഴിഞ്ഞ കർക്കിടകത്തിലെ വെള്ള പൊക്കത്തിന്റെ വിശേഷങ്ങൾ...
വെള്ള പൊക്കത്തിൽ പലരേയും കാണായതായതും, ഇട്ട്യാതിയെ പോലെ ചിലർ വിശപ്പുസഹിക്കാൻ വയ്യാതെ ഒതളങ്ങ എടുത്തു തിന്നതും !
ശുനകന്മാരുടെ വരിയുടക്കുക (castration) , വീട്ടു മൃഗങ്ങൾക്കു മൂക്കു തുളച്ച് കയറിടുക , പനയോലക്കുട ഉണ്ടാ‍ക്കുക തുടങ്ങിയ തന്റെ ജീവനോപായ മാർഗ്ഗങൾ വഴിമുട്ടിയതും…..അങ്ങിനെ വർത്തമാനം പറഞ്ഞ് പറഞ്ഞ് കാരണവർ വീടെത്തി..
പാണന്റെ കുടിലിലേക്ക് ഇനിയും രണ്ട് നാഴികദൂരമുണ്ട്..
യാത്ര പറയാൻ നേരം പാണൻ കാരണവരെ പിറ്റേന്ന് തന്റെ കുടിയിലേക്ക് ക്ഷണിച്ചു.
ഒരു കുപ്പി റാക്കും നെല്ലിക്കോഴിയെ ചുട്ടതും അയാൾ വാഗ്ദാനം ചെയ്തു..!
പിറ്റെന്നു വട്ടിയിലെ സാമാനങ്ങളെല്ലാം വീട്ടിലെല്ലാവർക്കുമായി വിതരണം ചെയ്ത് , ഒരു രാത്രി ഉറക്കൊഴിച്ചതിന്റെ ക്ഷീണം നെല്ലിട്ട് വച്ചിരിക്കുന്ന പത്തായപുറത്ത് കിടന്ന് ഉറങ്ങി തീർത്ത് , വെയിലു ചാഞ്ഞതോടെ കാരണവർ മേലുതേക്കാനുള്ള ഇഞ്ചയും ഒരു ഈരെഴ തോർത്തുമായി വീടിനു വടക്കുള്ള, ശാപം കിട്ടിയ ഗന്ധർവരും ചിലമായാവിനികളും മത്സ്യ മണ്ഡൂകാദികളായി പാർത്തു വരുന്ന മാനസസരസ്സിന്റെ പടവുകളിറങ്ങി !
സരസ്സിൽ ഇവർക്കെല്ലാം വിശ്രമിക്കാനുള്ള കേളീഗൃഹങ്ങൾ പോലെ വലിയ വെള്ളതാമരകളും വിടർന്നു നിന്നിരുന്നു. (അക്കാലത്ത്, ഇതിൽ വർഷങ്ങൾ കൂടുമ്പോൾ ഒരു ജലപിശാച് വിരുന്നു പാർക്കാൻ വരുമായിരുന്നു. അപ്പോൾ ഇതിലെ കണ്ണീരു പോലെ തെളിഞ്ഞവെള്ളം കടുത്ത പച്ച നിറമാകും. ഈ സരസ്സ് ഇന്ന് കരിപ്പിടീ കാരാമകൾ പുളക്കുന്ന ഒരു പൊട്ടകുളമായി കോലം കെട്ട് പോയിരിക്കുന്നു !) കുളി കഴിഞ്ഞ കാരണവർ പാണനു കാഴ്ചവെക്കാൻ ഏതാനും അണകളും ,വിലപിടിച്ച ഏലസ്സുകളും , വിശേഷപ്പെട്ട മരുന്നുകളുണ്ടാക്കാൻ കുളത്തിൽ നിന്ന് പറിച്ചെടുത്ത താമരകിഴങ്ങും , പൂമൊട്ടുകളുമൊക്കെയായി തെക്കോട്ട് രണ്ട് നാഴിക നടന്ന് താഴെ ചിത്രകൂടകല്ലുകൾ പ്രതിഷ്ഠിച്ചിട്ടുള്ള വലിയ ആഞ്ഞിലി മരത്തിന്റെ ചോട്ടിലെത്തി.
അതിലേ പടിഞ്ഞാട്ടിറങ്ങി പോകുന്ന ഊടുവഴിയിലൂടെ വേണം പാണന്റെ കുടിലിലേക്ക് പോകുവാൻ
പക്ഷെ വഴിയെവിടെ ? ആളുയരത്തിൽ വളർന്നു നിൽക്കുന്ന കാട്ടുപുല്ലുകൾ മാത്രം !!
ഇതിലെ ആൾ സഞ്ചാരമുണ്ടായിട്ട് എത്രയോനാളുകളായിക്കാണും.!!
വളർന്നു നിൽക്കുന്ന പുല്ലുകൾ വകഞ്ഞു മാറ്റി കാരണവർ പാണന്റെ കുടിലു ലക്ഷ്യമാക്കി നടന്നു. ഒടുവിൽ ആൾ താമസമില്ലാതെ ചിതലെടുത്ത് നിലത്തോടമ്പി കിടക്കുന്ന കിടക്കുന്ന കുടിലിനു മുന്നിലെത്തിനിന്നപ്പോ‍ൾ കാരണവർ വിചാരിച്ചു..
” ജീവിച്ചിരിക്കുമ്പോൾ നിനക്ക് ഒടിവിദ്യപഠിക്കാനാവില്ലെന്നെനിക്കറിയാമായിരുന്നു..എന്നിട്ടുംപാണാ നിന്റെ യീ കളി ഞാൻ നിനച്ചതല്ല.!”
അപ്പോൾ കുടിലിന്റെ ഉടഞ്ഞ കളിമൺകട്ടകൾക്കിടയിലൂടെ ഒരു വലിയ കൃഷ്ണസർപ്പം ഇഴഞ്ഞു വന്നു. അത് തലയുയർത്തി അല്പനേരം നിന്നതിനു ശേഷം കാരണവരെ താണു വണങ്ങി അടുത്തുള്ള കുറ്റി കാട്ടിലേക്ക് ഇഴഞ്ഞുപോയി......

11 comments:

  1. നന്നായിട്ടുണ്ട്...ചില വരികളുടെ നീളം മാത്രം കുറച്ച് ബുദ്ധിമുട്ടിച്ചു

    ReplyDelete
  2. എന്നെ വല്ലാതെ ആകര്‍ഷിച്ച കഥ....

    ReplyDelete
  3. വായിക്കുമ്പോള്‍ എന്തോ ഒരു പ്രത്യേകത തോന്നുന്ന കഥ..
    നല്ല കഥനം..
    വേറിട്ട ശൈലി...
    ആശംസകള്‍.

    ReplyDelete
  4. oru sk poottakadu touch , kollam

    ReplyDelete
  5. നന്നായി പറഞ്ഞിരിക്കുന്നു കഥ...
    വളരെ നന്നായി അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്..ആശംസകള്‍

    ReplyDelete
  6. കഥ ഇഷ്ടമായി, ചിത്രവും അതിനോട് തന്നെ ചേര്‍ന്ന് നില്‍ക്കുന്നു

    (ഈ പരഗ്രഫിന്റെ ഇടയിലുള്ള സ്പേസ് ഒന്ന് കുറച്ചു കൂടെ)

    ReplyDelete
  7. നല്ല എഴുത്തു......മനോഹരമായ ശൈലി .......ആശംസകള്‍......

    ReplyDelete
  8. നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു

    ReplyDelete
  9. കഥ കൊള്ളാമല്ലോ

    ReplyDelete
  10. നിഗൂഡതകളാല്‍ ആശ്ചര്യവും , ആകാംഷയും പര്യവസാനം വരെ നില നിറുത്തിയ കഥ ... കൊള്ളാം ..ഭാവുകങ്ങള്‍

    ReplyDelete