Sunday, January 10, 2010

ഒരു സ്വപ്നത്തിന്റെ ബാക്കി !



ഷേക്സ്പിയർ ഇൻ ലൌവി ലെ നായക നടന്റെ മുഖഛായ..
സമൃദ്ധമായ താടി.. ഏതോ സങ്കടങ്ങളുടെ നീല നിഴൽ വീണു കിടക്കുന്ന കൺതടങ്ങൾ..
അതെ , എന്തെങ്കിലും പറയും മുൻപ് തന്നെ താനൊരു കലാകാരനാണെന്നുള്ള വസ്തുത അയ്യാളുടെ രൂപം ഒറ്റുകൊടുത്തു കഴിഞ്ഞിരുന്നു..

“ഞാനൊരു ശില്പിയാണ്..”

ഒരു സ്വകാര്യം പോലെ അയാൾ പറഞ്ഞു...
നീണ്ടു മെലിഞ്ഞ വിരലുകൾ നോക്കി ആ വസ്തുത ശരിവയ്ക്കും മട്ടിൽ ഡോക്റ്റർ ജീവൻ തലയാട്ടി..


“പറയൂ നിങ്ങളുടെ വിഷമങ്ങൾ പറയൂ...

“ഒരു മുറിവാണ് എന്റെ പ്രശനം..."


പക്ഷെ പ്രത്യക്ഷത്തിൽ എവിടെയും ഒരു മുറിവു കാണ്മാനുണ്ടായിരുന്നില്ല.


അതോടെ ജീവന്റെ ജിജ്ഞാസയുണർന്നു..


“മുറിവ് താങ്കളുടെ മനസ്സിനാണോ?..”

സജലങ്ങളായ അയാളുടെ മിഴികളിൽ ജീവൻ ചോദ്യ ഭാവത്തിൽ നോക്കി

“ശരീരത്തിലും മനസ്സിലും..”.

“താങ്കൾ രോഗ ചരിത്രം തുടർന്നാലും..അതു കഴിയും വരെ ഞാൻ ഒന്നും മിണ്ടുവാൻ പോകുന്നില്ല "
ജീവൻ ചുണ്ടുകൾ ചൂണ്ടു വിരലാൽ അമർത്തികൊണ്ട് പറഞ്ഞു..

വാക്കുകൾ മെല്ലെ മെല്ലെ പെറുക്കിയെടുത്ത് തന്റെ ജീവചരിത്രത്തിന്റെ ഒരു രൂപരേഖ അയാൾ ഡോക്ടർക്ക് മുൻപിൽ വരച്ചിടാൻ തുടങ്ങി..

“ശില്പ നിർമ്മാണം എന്റെ കുലതൊഴിലാണ്.. കല്ലിലും മരത്തിലും ഓടിലുമൊക്കെ ഞങ്ങൾ പണിയുന്നു.
എങ്കിലും കൃഷ്ണശിലയാണ് എന്റെ ഇഷ്ട മാധ്യമം..

സ്ത്രീരൂപങ്ങളാണ് എന്റെ മാസ്റ്റർപീസസ് .

ടൌണിൽ ഈയിടെ പണി കഴിഞ്ഞ ഒരു ഷോപ്പിംഗ് കോംപ്ലക്സിനു വേണ്ടി മൂന്നു മാസങൾക്കു മുൻപ് ഒരു വർക്ക് ഞാൻ ഏറ്റെടുത്തു.
രോഗ ചരിത്രം അവിടെ തുടങ്ങുന്നു..
അതിന്റെ ഉടമസ്ഥനും ആർകിടെക്റ്റും ഒരു സന്ധ്യക്കാ‍ണ് എന്നെ സന്ദർശിച്ചത്..എൻട്രൻസ് ഹാളിന്റെ മധ്യത്തിൽ പണികഴിച്ചിട്ടുള്ള കൃത്രിമപൊയ്ക അലങ്കരിക്കാൻ
കൽതാമരയിൽ നിൽക്കുന്ന ഒരു സാലഭഞ്ജികാ ശില്പം ... അതാണവരുടെ ആവശ്യം
“ ഒരു ന്യൂഡ് ശില്പമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്..” ആർകിടെക്റ്റ്പറഞ്ഞു.
"പക്ഷെ ഒട്ടും വൾഗർ ആയിതോന്നാൻ പാടില്ല..” കടയുടമസ്ഥൻ പറഞ്ഞു.

ചർച്ചകൾക്കൊടുവിൽ ഞങ്ങൾ ഒരു തീരുമാനത്തിലെത്തി..

അതനുസരിച്ച് ഞാൻ അവർക്ക് എന്റെ ഭാവനയിലുള്ള രൂപം വരച്ചുകാണിച്ചു.

അളവുകൾ ഒത്തിണങ്ങിയ അംഗലാവണ്യമാർന്ന സ്ത്രീരൂപം.

നഗ്നത മറക്കാൻ ആടകൾക്കു പകരം ആഭരണങൾ..

പിറ്റേന്നു കനകമലയിൽ നിന്നുള്ള കൃഷണശില വീടിന്റെ മട്ടുപ്പാവിലുള്ള എന്റെ തുറന്ന പണിപ്പുരയിൽ എത്തി.

ബ്രാഹ്മമുഹൂർത്തത്തിൽ പൂജ കഴിഞ്ഞ് ഞാൻ ആ ശിലക്കു മുൻപിൽ ധ്യാനത്തിലിരുന്നു..

മുനിശാപമേറ്റു കരിങ്കല്ലായിതീർന്ന അഹല്യാരൂപത്തെ ആ ശിലയിൽ നിന്നും മോചിപ്പിക്കാൻ എന്റെ കരങ്ങളെ സഹായിക്കണമേയെന്ന് പതിവുപോലെ പ്രാർഥിച്ചു..
മനസ്സിൽ , പാതിയടഞ്ഞ മിഴികളുള്ള , കഴുത്തിൽ ചെമ്പകമാലയണിഞ്ഞ , വലംകൈയിൽ പൂപ്പാലികയേന്തിയ ഒരു രൂ പം തെളിഞ്ഞു തെളിഞ്ഞുവന്നു..
അങ്ങനെ ഞാൻ ശില്പനിർമ്മാണം ആരംഭിച്ചു ..

ഏതാനും ആഴചകൾക്കുള്ളിൽ തന്നെ കഠിനമായ ശിലയിൽ നിന്നും കോമളമായ ഒരു സ്ത്രീരൂപം ഉടലാർന്നു..

ആസമയം കൊണ്ട് മുൻപെങ്ങും അനുഭവപെടാത്ത ഒരു ആത്മബന്ധം എന്റെ സൃഷ്ടിയോട് എനിക്ക് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു..

പകൽ കിടന്നുറങ്ങിയും രാത്രിയത്രയും നെയ്പന്തങളുടെ വെളിച്ചത്തിൽ ശില്പനിർമ്മാണത്തിലേർപെട്ടും ദിവസങ്ങൾ കടന്നുപോയി..
ഒടുവിൽ ആശില്പം പൂർത്തിയായി.
പറഞ്ഞുറപ്പിച്ചതിനെക്കാൾ വളരെ കൂടുതൽ പണവുമായിഅവർ എത്തി.
ചുരുക്കിപറഞ്ഞാൽ ഏകനായ ഒരു ശില്പിക്ക് ഒരായുസ്സ് സുഖമായി കഴിയാനുള്ളപണമുണ്ടായിരുന്നു.

ആ ശില്പം പ്രതീക്ഷിച്ചതിനേക്കാളൊക്കെ വളരെ മനോഹരമായിരിക്കുന്നുവെന്നും അതിന്റെ നിർമ്മാണം ആരംഭിച്ചതിൽ പിന്നെ ബിസിനസ്സിൽ തനിക്ക് ചില വൻപിച്ച ലാഭങ്ങളുണ്ടായെന്നും കടയുടമസ്ഥൻ മനസ്സു തുറന്നു..
പക്ഷെ എന്റെ മനസ്സ് തകരുന്നതു പോലെ എനിക്കു തോന്നി.
പിറ്റേന്നു തന്നെ ആ ശില്പം ടൌണിലേക്ക് മാറ്റുവാനാണ് തീരുമാനം…
നിർവചിക്കാനാവാത്ത ചില സങ്കടൾ എന്നെ അലട്ടി തുടങ്ങി..
ആഷാഢത്തിലെ ആകാ‍ശം പോലെ എന്റെ ആത്മാവിരുണ്ടു..
അത്തരം ദു:ഖങ്ങൾക്ക് ഒരു മരുന്നേ ഞാൻ കണ്ടുള്ളൂ.
ശുദ്ധമായ പനങ്കള്ള് വയറു നിറയെ കുടിച്ച് സുഖമായൊരുറക്കം..
അതല്ലാതെ അന്നുരാത്രി മറ്റൊന്നും കഴിച്ചതുമില്ല..

പാതിരാത്രിയെപ്പോഴൊ ഉറക്കമുണർന്നു .
ഒരു പ്രണയ സന്ദേശം പോലെ മുറിയിൽ ചെമ്പക പൂക്കളുടെ ഗന്ധം...

എവിടെനിന്നോ കാൽ തളകളുടെ ശിഞ്ജിതം.. ആരോ എന്റെ സർഗ്ഗവേദിയിലേക്കെന്നെ ക്ഷണിക്കുന്നു. ഞാൻ മട്ടുപാവിലേക്ക് നടന്നു.

അവിടെ പിൻ നിലാവിന്റെ ചന്ദനത്തളിരാടചാർത്തി , മാറിൽ അപ്പോൾ വിടർന്ന ചെമ്പക പൂമാലയുമണിഞ്ഞ് നൃത്തലോലയായൊരു അപ്സരസ്സിനെ പോലെ അവൾ നിൽക്കുകയാണ് ..

ആ മാറിടങ്ങൾ ഉയർന്നു താഴുന്നു. നിഗൂഢതയ്ക്ക് മറയിടുന്ന അരഞ്ഞാൺ മണികൾ മിന്നിത്തിളങ്ങുന്നു.
മിഴികളിൽ നിന്ന് പ്രണയാർദ്രമായൊരു നോട്ടം പറന്നു വന്ന് എന്നെ പുണരുകയാണ്...

നേർത്തൊരാഘാതത്തിൽ എന്റെ അംഗവസ്ത്രങൾ ഊർന്നു , കാലുകളിടറി..
ഞാൻ മട്ടുപാവിൽ മലർന്നുവീണു..കുറച്ചു നേരെത്തേക്കെങ്കിലും എന്റെ ബോധം മറഞ്ഞിരിക്കണം..
ഓർമ്മവരുമ്പോൾ എന്റെ ദൃഷ്ടിപഥത്തിൽ പൂർവ്വാകാശത്തെ അളന്നു കൊണ്ട് ഒരു ഗോപുരം കാണുമാറായി..അതിന്റെ മാർബിൾ മകുടത്തിൽ ഹിമകണങ്ങൾ തിളങ്ങുന്നു . വിസ്മയകരമായ ആ കാഴ്ചയെമറച്ചു കൊണ്ട് അവളുടെ ലാവണ്യരൂപം എന്റെ ദേഹത്തേക്ക് ചാഞ്ഞു..

‘നമുക്കു യാത്രപോകാം” അവൾമൊഴിഞ്ഞു.

അടുത്ത നിമിഷം ചിറകാർന്ന സവാരി കുതിരയായി ഞാൻ അനന്തതയിലേക്ക് കുതിച്ചു പൊന്തി..

അനുഭൂതികളുടെ നീല നീലമായ ചക്രവാളങ്ങളെ വലം വച്ച് കൊണ്ട് ഞങ്ങൾ പറന്നു...ഉറക്കമുണരുമ്പോൾ മട്ടു പാവു ശൂന്യമാണ്. ശില്പിയെ ഉണർത്താതെ തന്നെ ശില്പം അവർ കൊണ്ടുപോയ്കഴിഞ്ഞിരുന്നു.
കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായിരുന്നെന്ന് ഞാൻ വിശ്വസിക്കാൻ ശ്രമിച്ചു.

പക്ഷെ എന്റെ ശരീരത്തിലെവിടെയോ ഒരു നീറ്റൽ ഉണർന്നു.

അതു ശരീരത്തിൽ നിന്നും ആത്മാവിലേക്ക് കത്തിപടർന്നു..അപ്പോൾ ഞാൻ ഒരു കാഴച കാണുകയാണ്.!!

വാടിയ പനിനീർ ദളങ്ങൾ പോലെ നിലത്തു ചിതറികിടക്കുന്ന...” പറഞ്ഞുവന്നതു മുഴുവനാക്കാതെ അയ്യാൾ അഗാധമായ മൌനത്തിലാണ്ടു.
“ ആദ്യസംഗമത്തിന്റെ ഓർമ്മകുറിപ്പ്.. ഒരു ബലിയുടെ കുങ്കുമ പൂക്കൾ .”
അയാളുടെ മൌനത്തെ ജീവൻ മനസ്സിൽ പൂരിപ്പിച്ചു . പിന്നെ സ്ക്രീൻ കൊണ്ട് മറച്ച എക്സാമിനേഷൻ ടേബിളിൽ കിടത്തി അയ്യാളെ വിശദമായി പരിശോധിച്ചു .അതിനു ശേഷം , ഗ്ലൌസ് മാറ്റുമ്പോൾ അയ്യാളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു:

“ കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല . ഇതിനു മരുന്നിന്റെ ആവശ്യവുമില്ല.

പക്ഷെ മനസ്സിനു ക്ഷതമേറ്റിരിക്കുന്നു. ചെറിയ ഒരു‘ ഗ്രീഫ് റിയാക്ഷൻ’. അതു ചികിത്സിക്കേണ്ടിയിരിക്കുന്നു”.

ജീവൻ തന്റെ പ്രിസ്ക്രിപ്ഷൻ പാഡിൽ നിന്നുംഒരു താളു വലിച്ചു കീറി. അതിൽ അഷ്ടാംഗ ഹൃദയത്തിൽ നിന്നുള്ള രണ്ടു ശ്ലോകങൾ മനോഹരമായ കൈപ്പടയിൽ കുറിക്കുവാൻ തുടങ്ങി.

പിന്നെ പറഞ്ഞു:

“ ഈ ശ്ലോകങൾ കാലത്തും വൈകീട്ടും രണ്ടുതവണ ഏകാന്തതയിലിരുന്നു ചൊല്ലുക.. അതിന്റെ അർഥം മനനം ചെയ്യുക..”.
ഇതിൽ കൂടുതൽ ചികിത്സയൊന്നും ആവശ്യമില്ല...”

Monday, January 4, 2010

ചായപ്പോസ്റ്റ് !!!!

പുരാതനമായ എഴുത്തുപുരയുടെ വരാന്തയിൽ വലിച്ചിട്ട ചാരു കസേരയിലിരുന്ന് നളിനത്തിനു വേണ്ടി 'ഒരു സ്വപ്നത്തിന്റെ ബാക്കി' എന്ന അധ്യായം എഴുതികൊണ്ടിരിക്കുമ്പോൾ ‘ നളിന’ത്തിന്റെ പടിപ്പുര തുറന്ന് ഒരാൾ കടന്നു വന്നു.

ബ്ലോഗിൽ സന്ദർശകർ അപൂർവ്വമായതിനാൽ വന്നു കയറിയ അതിഥിയെ ഊഷമളതയോടെ തന്നെയാണ് ഞാൻ സ്വീകരിച്ചിരുത്തിയത്.
മെല്ലിച്ച്, കിളിരം കൂടി...നീണ്ട ജുബയും സമൃദ്ധമായതാടിയുമുൾപ്പെടെ അയ്യാൾക്ക് ഒരു ബുദ് ധിജീവിയുടെ സകല ബാഹ്യമോടികളുമുണ്ടെന്നത് എന്നെ അഹ്ലാദിപ്പിച്ചു.
ഡോക്ടർ സലിം അലി , ഒരു സുപ്രഭാതത്തിൽ തന്റെ വീട്ടുമുറ്റത്തെങ്ങാൻ ഒരു ‘ഡോഡോ’ പക്ഷിയെ കണ്ടിരുന്നെങ്കിൽ ഇത്രയും സന്തോഷം തോന്നുമായിരുന്നോ?!!

നാച്വറൽ ഹാബിറ്റാറ്റ് ആയ കോളെജ് കാമ്പസ്, ഫിലിംസൊസൈറ്റി.. എന്നിവിടങളിൽനിന്ന് കുറ്റിയറ്റു കഴിഞ്ഞ ഒരു വംശത്തിന്റെ പ്രതിനിധിയാണ് എന്റെ മുന്നിൽ ഇരിക്കുന്നത്.
“ഞാൻ ബ്ലോഗ്സൂപ്പർവൈസർ , ബ്ലോഗുകളായബ്ലോഗുകൾ സന്ദർശിച്ച് കണക്കെടുപ്പാണ് എന്റെ ജോലി..കൂട്ടത്തിൽ ബ്ലോഗേഴ്സിന് എന്നാൽകഴിയുന്ന ഉപദേശങളും നൽകുന്നു..” തുണിസഞ്ചിയിൽ നിന്ന് ചോദ്യാവലികൾ അച്ചടിച്ച കടലാസ്എടുത്തു കൊണ്ട് അയ്യാൾ പറഞ്ഞു. പിന്നെ ഹൈറോഗ്ലിഫിക്സ് ആലേഖനം ചെയ്ത ഒരുചിത്രപേന പോക്കറ്റിൽ നിന്ന് വലിച്ചൂരി നേരെ അഭിമുഖത്തിലേക്ക് കടന്നു.

“താങ്കളുടെ പേര് .?”

“നളിനം.”

“അതു ബ്ലോഗിന്റെ പേര്.. മനസ്സിലായി.. നിങ്ങളുടെ ആണ് ഉദ്ദേശിച്ചത്..”

“സോറി..പറയാൻ ഇപ്പോൾ ബുദ്ധിമുട്ടാണ് ”

“ഐഡൻ റ്റിറ്റി വെളിപെടുത്തുവാൻ ആഗ്രഹിക്കുന്നില്ലെന്നർഥം ?”
“ഒരു പരിധിവരെ.”

“എങ്കിൽ വ്യത്യസ്തമായ ഒരു ബ്ലോഗ് നാമം ആയിരുന്നു നല്ലത്..കാപ്പിലാൻ, തത്പുരുഷൻ, വിശാലമനസ്കൻ എന്നൊക്കെ പറയുന്ന പോലെ..അത്തരം പേരുകൾ ആരേയും ആകർഷിക്കും”

“പക്ഷെ പൂ‍ർണ്ണമായി മറഞിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല …ഇതിൽ എന്റെ പേരൊളിഞ്ഞിരിപ്പുണ്ട് ..”
“ഇങ്ങനെ ഒരു നിലപാടെടുക്കാൻ കാരണം?”

“ഈ ബ്ലോഗിന് ഭാവിയിൽ ഒരു വിശേഷപെട്ടഅവാർഡെങാൻ ലഭിക്കുകയാണെങ്കിൽ..ഒരു അവകാശതർക്കം ഞാൻ ആഗ്രഹിക്കുന്നില്ല.

“ദീർഘ ദർശി തന്നെ താങ്കൾ..” വിജനമായ എന്റെ ബ്ലോഗ് പരിസരം വീക്ഷിച്ചുകൊണ്ട്അയാൾ പറഞ്ഞു. അപ്പോൾ അടക്കിപിടിച്ച ഒരു ചിരിയുടെ തിളക്കംആ കണ്ണുകളിൽ മിന്നി മറഞ്ഞതു പോലെ തോന്നി.
'-ഒരുബ്ലോഗിനെ സന്ദർശകരുടെ എണ്ണം നോക്കി വിലയിരുത്തരുത് .' ആ ചിരിതിളക്കത്തിനു മറുപടിയെന്നപോലെ ഞാൻ പറഞ്ഞു.

“ശരിയാണ്..എണ്ണത്തിലല്ല കാര്യം, ഗുണത്തിലാണ്...പക്ഷെ വായനക്കാർ ഏറ്റുവാങ്ങാനില്ലെങ്കിൽ സൃഷ്ടി പരാജയം തന്നെയാണ്. വെളിച്ചം കാണാത്ത ആർട് പടങ്ങൾ പോലെ....”

ആ പ്രസ്താവന എന്റെ ബ്ലോഗിന് ബാധകമല്ലെന്ന മട്ടിൽ നിശ്ശ്ബ്ദത പാലിച്ചപ്പോൾ അയാൾ തുടർന്നു.
"താങ്കൾക്ക് മെഡിക്കൽ ഫീൽഡുമായി എന്തെങ്കിലും ബന്ധമുണ്ടോ”?

‘-ആഫീൽഡുമായി എന്തെങ്കിലും ബന്ധം ഇല്ലാത്തവർ അപൂർവ്വമായിരിക്കും, മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഒരു രോഗിക്കുള്ളതിനെക്കാൾ ബന്ധമൊന്നും ആ ഫീൽഡുമായി എനിക്കില്ല ..’

എന്റെ കഥകൾ വായിക്കപെട്ടിരിക്കുന്നു എന്ന ആഹ്ലാദം മറച്ചു വച്ചു കൊണ്ട് ഞാൻ പറഞ്ഞു

“അതുമുഴുവനായി ഞാൻ വിശ്വസിക്കുന്നില്ല..അല്ലെങ്കിൽ കഥയുടെ പാശ്ചാത്തലം അങ്ങനെ വിശ്വസിക്കാൻഅനുവദിക്കുന്നില്ല..”

“അനാട്ടമിയും മെഡിസിനും മാത്രമല്ല, ആസ്ട്രോണമിയും ബോട്ടണിയുമൊക്കെ നിങ്ങൾക്കെന്റെ കഥകളിൽ പ്രതീക്ഷിക്കാം...എന്നുവച്ച് ഈ വിഷയങ്ങളിലെ എക്സ്പർട്ട് ഒന്നുമല്ല ഞാൻ..”

“അതിരിക്കട്ടെ , ഈ രചനകളിൽ മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ ഇൻഫ്ലുവൻസ് കാണുന്നു..എന്നു ഞാൻ പറഞ്ഞാൽ താങ്കൾ അതു നിഷേധിക്കുമോ..?
ഐ മീൻ ഒരു മാറ്റൊലി..”

‘ആരും വെള്ളം ചോരാത്ത അറകളിലല്ല ജീവിക്കുന്നത്..ഇത് ഞാൻ പറഞ്ഞതല്ല . മോഷണംകയ്യോടെ പിടിക്കപെട്ടപ്പോൾ പ്രശസ്തനായ സാഹിത്യകാരൻ പറഞ്ഞതാണ്.' -

കടം കൊണ്ടതാണെന്റെ ശൈലികൾ, ശീലുകൾ..പാഴായതാണെന്റെ വാക്കും വഴക്കവും...’

ഒരിക്കൽ ഞാൻ തന്നെ എഴുതി, അതിൽ ആത്മനിന്ദയുടെ ആധിക്യമുണ്ടെന്നു തോന്നുകയാൽ ചവറ്റു കുട്ടയിൽ വലിച്ചെറിഞ്ഞ കവിതയുടെ വരികൾശ്രീമധുസൂദനൻ നായരുടെശബ്ദം അനുകരിച്ച് നീട്ടി പാടി.

ആ സമയം അയ്യാൾ എന്റെ എഴുത്തുപുരയുടെ മാറാല കെട്ടിയ മുഖപ്പുകളും , പത്മദളങൾ കൊത്തിയ തൂണുകളും ദ്രവിച്ചുതുടങ്ങിയ ലായകളും ഒക്കെ നോക്കി കണ്ടു.
ഒരു മഹാവനത്തിന്റെ മിനിയേച്വർ പോലെ മുറ്റത്ത് വളർന്നുനിൽക്കുന്ന പന്നൽ കാടുകളിൽ നിന്ന് ഉയരുന്ന സീൽക്കാരങൾക്ക് കാതോർത്തു. എല്ലാം നിശ്ശബ്ദമായപ്പോൾ അയ്യാൾ തുടർന്നു..

“ പുതുമ , വ്യത്യസ്തത, ചടുലത..ഇതൊക്കെയാണ് ഒരു ബ്ലോഗിനെ ജനപ്രിയമാക്കുന്ന ഘടകങ്ങൾ” അതെനിക്കുള്ള ഉപദേശമെന്ന് കണ്ട് എന്റെ സംശയം ഞാൻ അയ്യാളോടുണർത്തിച്ചു.

-‘ബ്ലോഗറുടെ ടെക്നിക്കൽ ക്നോളജും..പ്രധാനമല്ലെ‘?
ഉദാഹരണത്തിന് എന്റെ ബ്ലോഗിനെ ആകർഷകമാക്കാനുള്ള വഴികളൊ അതിന്റെ വിസിബിലിറ്റി കൂട്ടാനുള്ള വിദ്യകളൊ എനിക്കറിയില്ല.. പിന്മൊഴിയിലും മറുമൊഴിയിലുമൊന്നും അതിലെ കമന്റുകൾ വരാറില്ല..’

"ഇത്തരം ഗിമ്മിക്കുകളൊന്നുമില്ലാതെയാണ് പലബ്ലോഗുകളും പ്രശസ്തമായിട്ടുള്ളത്. എങ്കിലും സംശയം ന്യായമാണ്. അടുത്ത തവണ ഈ ബ്ലോഗ് വിസിറ്റുചെയ്യുമ്പോഴേക്കുംഇതിനൊരു ത്തരം ഞാൻ കണ്ടെത്താൻ ശ്രമിക്കാം..പക്ഷെ അതുവരെ താങ്കളുടെ സർഗ്ഗവൈഭവം പ്രതികൂട്ടിലായിരിക്കും.”

പിന്നീട് അല്പസമയത്തെ മൌനത്തിനു ശേഷം അയ്യാളുടെ മുഖത്ത് ഒരു ചുവപ്പുരാശി മിന്നിമറയുന്നത് ഞാൻ ശ്രദ്ധിച്ചു.

ടീപോയിലിരിക്കുന്ന ‘ഒരു സ്വപ്നത്തിന്റെ ബാക്കി’ യിൽ അയ്യാളുടെ കണ്ണുകൾചുറ്റി പറക്കുകയാണ്..

ഒരു രഹസ്യം ഒളിഞ്ഞു നോക്കുന്നതിന്റെ പരുങ്ങൽ അവിടെകണ്ടു. വായനക്കൊടുവിൽ ഇത്രയും നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നമട്ടിൽ എന്നെ നോക്കി..

“ഈ അധ്യായത്തിൽ താങ്കളുടെ എഴുത്തിന്റെ കടിഞ്ഞാൺ പൊട്ടിയതായി തോന്നുന്നു. സ്ട്രിക്ട് സെൻസറിംഗിനു ശേഷം മാത്രമെ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യാവൂ...”
ഒരുതാക്കീതെന്ന പോലെ അയ്യാൾ പറഞ്ഞു.

ശ്ലീലമല്ലാത്ത പദങ്ങളൊ പ്രയോഗങളൊ അതിലില്ലഎന്നിട്ടും ഇത്തരമൊരഭിപ്രായം അയ്യാളിൽ നിന്ന് കേട്ടനിലക്ക് തത്കാലം അത് പ്രസിദ്ധീകരിക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു..

ടീപോയ്ക്ക് മുകളിൽ കത്തിക്കാനെടുത്തു വച്ചിരിക്കുന്ന രചനകളുടെ കൂട്ടത്തിലേക്ക് അതും കൂട്ടി വച്ചു. പിന്നെ ആ കടലാസു കെട്ടുകളെല്ലാം വാരിയെടുത്തു കൊണ്ട് എഴുന്നേറ്റു.. തൂക്കിവിറ്റാൽ ഭേദപെട്ട ഒരു കവിതാ സമാഹാരം വാങ്ങുവാനുള്ള പൈസ കിട്ടും..

“ ഇതെല്ലാം എങ്ങോട്ട് കൊണ്ട് പോകുന്നു?”

ഞാൻ അകത്തേക്ക് നടക്കുമ്പോൾ അയ്യാൾ വിളിച്ചു ചോദിച്ചു.

‘താങ്കളിരിക്ക് .... ഞാനൊരു ചായ ഇടട്ടെ.കത്തിക്കാൻ ഇവിടെ വേറെ വിറകില്ല...’