Sunday, January 10, 2010

ഒരു സ്വപ്നത്തിന്റെ ബാക്കി !ഷേക്സ്പിയർ ഇൻ ലൌവി ലെ നായക നടന്റെ മുഖഛായ..
സമൃദ്ധമായ താടി.. ഏതോ സങ്കടങ്ങളുടെ നീല നിഴൽ വീണു കിടക്കുന്ന കൺതടങ്ങൾ..
അതെ , എന്തെങ്കിലും പറയും മുൻപ് തന്നെ താനൊരു കലാകാരനാണെന്നുള്ള വസ്തുത അയ്യാളുടെ രൂപം ഒറ്റുകൊടുത്തു കഴിഞ്ഞിരുന്നു..

“ഞാനൊരു ശില്പിയാണ്..”

ഒരു സ്വകാര്യം പോലെ അയാൾ പറഞ്ഞു...
നീണ്ടു മെലിഞ്ഞ വിരലുകൾ നോക്കി ആ വസ്തുത ശരിവയ്ക്കും മട്ടിൽ ഡോക്റ്റർ ജീവൻ തലയാട്ടി..


“പറയൂ നിങ്ങളുടെ വിഷമങ്ങൾ പറയൂ...

“ഒരു മുറിവാണ് എന്റെ പ്രശനം..."


പക്ഷെ പ്രത്യക്ഷത്തിൽ എവിടെയും ഒരു മുറിവു കാണ്മാനുണ്ടായിരുന്നില്ല.


അതോടെ ജീവന്റെ ജിജ്ഞാസയുണർന്നു..


“മുറിവ് താങ്കളുടെ മനസ്സിനാണോ?..”

സജലങ്ങളായ അയാളുടെ മിഴികളിൽ ജീവൻ ചോദ്യ ഭാവത്തിൽ നോക്കി

“ശരീരത്തിലും മനസ്സിലും..”.

“താങ്കൾ രോഗ ചരിത്രം തുടർന്നാലും..അതു കഴിയും വരെ ഞാൻ ഒന്നും മിണ്ടുവാൻ പോകുന്നില്ല "
ജീവൻ ചുണ്ടുകൾ ചൂണ്ടു വിരലാൽ അമർത്തികൊണ്ട് പറഞ്ഞു..

വാക്കുകൾ മെല്ലെ മെല്ലെ പെറുക്കിയെടുത്ത് തന്റെ ജീവചരിത്രത്തിന്റെ ഒരു രൂപരേഖ അയാൾ ഡോക്ടർക്ക് മുൻപിൽ വരച്ചിടാൻ തുടങ്ങി..

“ശില്പ നിർമ്മാണം എന്റെ കുലതൊഴിലാണ്.. കല്ലിലും മരത്തിലും ഓടിലുമൊക്കെ ഞങ്ങൾ പണിയുന്നു.
എങ്കിലും കൃഷ്ണശിലയാണ് എന്റെ ഇഷ്ട മാധ്യമം..

സ്ത്രീരൂപങ്ങളാണ് എന്റെ മാസ്റ്റർപീസസ് .

ടൌണിൽ ഈയിടെ പണി കഴിഞ്ഞ ഒരു ഷോപ്പിംഗ് കോംപ്ലക്സിനു വേണ്ടി മൂന്നു മാസങൾക്കു മുൻപ് ഒരു വർക്ക് ഞാൻ ഏറ്റെടുത്തു.
രോഗ ചരിത്രം അവിടെ തുടങ്ങുന്നു..
അതിന്റെ ഉടമസ്ഥനും ആർകിടെക്റ്റും ഒരു സന്ധ്യക്കാ‍ണ് എന്നെ സന്ദർശിച്ചത്..എൻട്രൻസ് ഹാളിന്റെ മധ്യത്തിൽ പണികഴിച്ചിട്ടുള്ള കൃത്രിമപൊയ്ക അലങ്കരിക്കാൻ
കൽതാമരയിൽ നിൽക്കുന്ന ഒരു സാലഭഞ്ജികാ ശില്പം ... അതാണവരുടെ ആവശ്യം
“ ഒരു ന്യൂഡ് ശില്പമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്..” ആർകിടെക്റ്റ്പറഞ്ഞു.
"പക്ഷെ ഒട്ടും വൾഗർ ആയിതോന്നാൻ പാടില്ല..” കടയുടമസ്ഥൻ പറഞ്ഞു.

ചർച്ചകൾക്കൊടുവിൽ ഞങ്ങൾ ഒരു തീരുമാനത്തിലെത്തി..

അതനുസരിച്ച് ഞാൻ അവർക്ക് എന്റെ ഭാവനയിലുള്ള രൂപം വരച്ചുകാണിച്ചു.

അളവുകൾ ഒത്തിണങ്ങിയ അംഗലാവണ്യമാർന്ന സ്ത്രീരൂപം.

നഗ്നത മറക്കാൻ ആടകൾക്കു പകരം ആഭരണങൾ..

പിറ്റേന്നു കനകമലയിൽ നിന്നുള്ള കൃഷണശില വീടിന്റെ മട്ടുപ്പാവിലുള്ള എന്റെ തുറന്ന പണിപ്പുരയിൽ എത്തി.

ബ്രാഹ്മമുഹൂർത്തത്തിൽ പൂജ കഴിഞ്ഞ് ഞാൻ ആ ശിലക്കു മുൻപിൽ ധ്യാനത്തിലിരുന്നു..

മുനിശാപമേറ്റു കരിങ്കല്ലായിതീർന്ന അഹല്യാരൂപത്തെ ആ ശിലയിൽ നിന്നും മോചിപ്പിക്കാൻ എന്റെ കരങ്ങളെ സഹായിക്കണമേയെന്ന് പതിവുപോലെ പ്രാർഥിച്ചു..
മനസ്സിൽ , പാതിയടഞ്ഞ മിഴികളുള്ള , കഴുത്തിൽ ചെമ്പകമാലയണിഞ്ഞ , വലംകൈയിൽ പൂപ്പാലികയേന്തിയ ഒരു രൂ പം തെളിഞ്ഞു തെളിഞ്ഞുവന്നു..
അങ്ങനെ ഞാൻ ശില്പനിർമ്മാണം ആരംഭിച്ചു ..

ഏതാനും ആഴചകൾക്കുള്ളിൽ തന്നെ കഠിനമായ ശിലയിൽ നിന്നും കോമളമായ ഒരു സ്ത്രീരൂപം ഉടലാർന്നു..

ആസമയം കൊണ്ട് മുൻപെങ്ങും അനുഭവപെടാത്ത ഒരു ആത്മബന്ധം എന്റെ സൃഷ്ടിയോട് എനിക്ക് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു..

പകൽ കിടന്നുറങ്ങിയും രാത്രിയത്രയും നെയ്പന്തങളുടെ വെളിച്ചത്തിൽ ശില്പനിർമ്മാണത്തിലേർപെട്ടും ദിവസങ്ങൾ കടന്നുപോയി..
ഒടുവിൽ ആശില്പം പൂർത്തിയായി.
പറഞ്ഞുറപ്പിച്ചതിനെക്കാൾ വളരെ കൂടുതൽ പണവുമായിഅവർ എത്തി.
ചുരുക്കിപറഞ്ഞാൽ ഏകനായ ഒരു ശില്പിക്ക് ഒരായുസ്സ് സുഖമായി കഴിയാനുള്ളപണമുണ്ടായിരുന്നു.

ആ ശില്പം പ്രതീക്ഷിച്ചതിനേക്കാളൊക്കെ വളരെ മനോഹരമായിരിക്കുന്നുവെന്നും അതിന്റെ നിർമ്മാണം ആരംഭിച്ചതിൽ പിന്നെ ബിസിനസ്സിൽ തനിക്ക് ചില വൻപിച്ച ലാഭങ്ങളുണ്ടായെന്നും കടയുടമസ്ഥൻ മനസ്സു തുറന്നു..
പക്ഷെ എന്റെ മനസ്സ് തകരുന്നതു പോലെ എനിക്കു തോന്നി.
പിറ്റേന്നു തന്നെ ആ ശില്പം ടൌണിലേക്ക് മാറ്റുവാനാണ് തീരുമാനം…
നിർവചിക്കാനാവാത്ത ചില സങ്കടൾ എന്നെ അലട്ടി തുടങ്ങി..
ആഷാഢത്തിലെ ആകാ‍ശം പോലെ എന്റെ ആത്മാവിരുണ്ടു..
അത്തരം ദു:ഖങ്ങൾക്ക് ഒരു മരുന്നേ ഞാൻ കണ്ടുള്ളൂ.
ശുദ്ധമായ പനങ്കള്ള് വയറു നിറയെ കുടിച്ച് സുഖമായൊരുറക്കം..
അതല്ലാതെ അന്നുരാത്രി മറ്റൊന്നും കഴിച്ചതുമില്ല..

പാതിരാത്രിയെപ്പോഴൊ ഉറക്കമുണർന്നു .
ഒരു പ്രണയ സന്ദേശം പോലെ മുറിയിൽ ചെമ്പക പൂക്കളുടെ ഗന്ധം...

എവിടെനിന്നോ കാൽ തളകളുടെ ശിഞ്ജിതം.. ആരോ എന്റെ സർഗ്ഗവേദിയിലേക്കെന്നെ ക്ഷണിക്കുന്നു. ഞാൻ മട്ടുപാവിലേക്ക് നടന്നു.

അവിടെ പിൻ നിലാവിന്റെ ചന്ദനത്തളിരാടചാർത്തി , മാറിൽ അപ്പോൾ വിടർന്ന ചെമ്പക പൂമാലയുമണിഞ്ഞ് നൃത്തലോലയായൊരു അപ്സരസ്സിനെ പോലെ അവൾ നിൽക്കുകയാണ് ..

ആ മാറിടങ്ങൾ ഉയർന്നു താഴുന്നു. നിഗൂഢതയ്ക്ക് മറയിടുന്ന അരഞ്ഞാൺ മണികൾ മിന്നിത്തിളങ്ങുന്നു.
മിഴികളിൽ നിന്ന് പ്രണയാർദ്രമായൊരു നോട്ടം പറന്നു വന്ന് എന്നെ പുണരുകയാണ്...

നേർത്തൊരാഘാതത്തിൽ എന്റെ അംഗവസ്ത്രങൾ ഊർന്നു , കാലുകളിടറി..
ഞാൻ മട്ടുപാവിൽ മലർന്നുവീണു..കുറച്ചു നേരെത്തേക്കെങ്കിലും എന്റെ ബോധം മറഞ്ഞിരിക്കണം..
ഓർമ്മവരുമ്പോൾ എന്റെ ദൃഷ്ടിപഥത്തിൽ പൂർവ്വാകാശത്തെ അളന്നു കൊണ്ട് ഒരു ഗോപുരം കാണുമാറായി..അതിന്റെ മാർബിൾ മകുടത്തിൽ ഹിമകണങ്ങൾ തിളങ്ങുന്നു . വിസ്മയകരമായ ആ കാഴ്ചയെമറച്ചു കൊണ്ട് അവളുടെ ലാവണ്യരൂപം എന്റെ ദേഹത്തേക്ക് ചാഞ്ഞു..

‘നമുക്കു യാത്രപോകാം” അവൾമൊഴിഞ്ഞു.

അടുത്ത നിമിഷം ചിറകാർന്ന സവാരി കുതിരയായി ഞാൻ അനന്തതയിലേക്ക് കുതിച്ചു പൊന്തി..

അനുഭൂതികളുടെ നീല നീലമായ ചക്രവാളങ്ങളെ വലം വച്ച് കൊണ്ട് ഞങ്ങൾ പറന്നു...ഉറക്കമുണരുമ്പോൾ മട്ടു പാവു ശൂന്യമാണ്. ശില്പിയെ ഉണർത്താതെ തന്നെ ശില്പം അവർ കൊണ്ടുപോയ്കഴിഞ്ഞിരുന്നു.
കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായിരുന്നെന്ന് ഞാൻ വിശ്വസിക്കാൻ ശ്രമിച്ചു.

പക്ഷെ എന്റെ ശരീരത്തിലെവിടെയോ ഒരു നീറ്റൽ ഉണർന്നു.

അതു ശരീരത്തിൽ നിന്നും ആത്മാവിലേക്ക് കത്തിപടർന്നു..അപ്പോൾ ഞാൻ ഒരു കാഴച കാണുകയാണ്.!!

വാടിയ പനിനീർ ദളങ്ങൾ പോലെ നിലത്തു ചിതറികിടക്കുന്ന...” പറഞ്ഞുവന്നതു മുഴുവനാക്കാതെ അയ്യാൾ അഗാധമായ മൌനത്തിലാണ്ടു.
“ ആദ്യസംഗമത്തിന്റെ ഓർമ്മകുറിപ്പ്.. ഒരു ബലിയുടെ കുങ്കുമ പൂക്കൾ .”
അയാളുടെ മൌനത്തെ ജീവൻ മനസ്സിൽ പൂരിപ്പിച്ചു . പിന്നെ സ്ക്രീൻ കൊണ്ട് മറച്ച എക്സാമിനേഷൻ ടേബിളിൽ കിടത്തി അയ്യാളെ വിശദമായി പരിശോധിച്ചു .അതിനു ശേഷം , ഗ്ലൌസ് മാറ്റുമ്പോൾ അയ്യാളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു:

“ കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല . ഇതിനു മരുന്നിന്റെ ആവശ്യവുമില്ല.

പക്ഷെ മനസ്സിനു ക്ഷതമേറ്റിരിക്കുന്നു. ചെറിയ ഒരു‘ ഗ്രീഫ് റിയാക്ഷൻ’. അതു ചികിത്സിക്കേണ്ടിയിരിക്കുന്നു”.

ജീവൻ തന്റെ പ്രിസ്ക്രിപ്ഷൻ പാഡിൽ നിന്നുംഒരു താളു വലിച്ചു കീറി. അതിൽ അഷ്ടാംഗ ഹൃദയത്തിൽ നിന്നുള്ള രണ്ടു ശ്ലോകങൾ മനോഹരമായ കൈപ്പടയിൽ കുറിക്കുവാൻ തുടങ്ങി.

പിന്നെ പറഞ്ഞു:

“ ഈ ശ്ലോകങൾ കാലത്തും വൈകീട്ടും രണ്ടുതവണ ഏകാന്തതയിലിരുന്നു ചൊല്ലുക.. അതിന്റെ അർഥം മനനം ചെയ്യുക..”.
ഇതിൽ കൂടുതൽ ചികിത്സയൊന്നും ആവശ്യമില്ല...”

Monday, January 4, 2010

ചായപ്പോസ്റ്റ് !!!!

പുരാതനമായ എഴുത്തുപുരയുടെ വരാന്തയിൽ വലിച്ചിട്ട ചാരു കസേരയിലിരുന്ന് നളിനത്തിനു വേണ്ടി 'ഒരു സ്വപ്നത്തിന്റെ ബാക്കി' എന്ന അധ്യായം എഴുതികൊണ്ടിരിക്കുമ്പോൾ ‘ നളിന’ത്തിന്റെ പടിപ്പുര തുറന്ന് ഒരാൾ കടന്നു വന്നു.

ബ്ലോഗിൽ സന്ദർശകർ അപൂർവ്വമായതിനാൽ വന്നു കയറിയ അതിഥിയെ ഊഷമളതയോടെ തന്നെയാണ് ഞാൻ സ്വീകരിച്ചിരുത്തിയത്.
മെല്ലിച്ച്, കിളിരം കൂടി...നീണ്ട ജുബയും സമൃദ്ധമായതാടിയുമുൾപ്പെടെ അയ്യാൾക്ക് ഒരു ബുദ് ധിജീവിയുടെ സകല ബാഹ്യമോടികളുമുണ്ടെന്നത് എന്നെ അഹ്ലാദിപ്പിച്ചു.
ഡോക്ടർ സലിം അലി , ഒരു സുപ്രഭാതത്തിൽ തന്റെ വീട്ടുമുറ്റത്തെങ്ങാൻ ഒരു ‘ഡോഡോ’ പക്ഷിയെ കണ്ടിരുന്നെങ്കിൽ ഇത്രയും സന്തോഷം തോന്നുമായിരുന്നോ?!!

നാച്വറൽ ഹാബിറ്റാറ്റ് ആയ കോളെജ് കാമ്പസ്, ഫിലിംസൊസൈറ്റി.. എന്നിവിടങളിൽനിന്ന് കുറ്റിയറ്റു കഴിഞ്ഞ ഒരു വംശത്തിന്റെ പ്രതിനിധിയാണ് എന്റെ മുന്നിൽ ഇരിക്കുന്നത്.
“ഞാൻ ബ്ലോഗ്സൂപ്പർവൈസർ , ബ്ലോഗുകളായബ്ലോഗുകൾ സന്ദർശിച്ച് കണക്കെടുപ്പാണ് എന്റെ ജോലി..കൂട്ടത്തിൽ ബ്ലോഗേഴ്സിന് എന്നാൽകഴിയുന്ന ഉപദേശങളും നൽകുന്നു..” തുണിസഞ്ചിയിൽ നിന്ന് ചോദ്യാവലികൾ അച്ചടിച്ച കടലാസ്എടുത്തു കൊണ്ട് അയ്യാൾ പറഞ്ഞു. പിന്നെ ഹൈറോഗ്ലിഫിക്സ് ആലേഖനം ചെയ്ത ഒരുചിത്രപേന പോക്കറ്റിൽ നിന്ന് വലിച്ചൂരി നേരെ അഭിമുഖത്തിലേക്ക് കടന്നു.

“താങ്കളുടെ പേര് .?”

“നളിനം.”

“അതു ബ്ലോഗിന്റെ പേര്.. മനസ്സിലായി.. നിങ്ങളുടെ ആണ് ഉദ്ദേശിച്ചത്..”

“സോറി..പറയാൻ ഇപ്പോൾ ബുദ്ധിമുട്ടാണ് ”

“ഐഡൻ റ്റിറ്റി വെളിപെടുത്തുവാൻ ആഗ്രഹിക്കുന്നില്ലെന്നർഥം ?”
“ഒരു പരിധിവരെ.”

“എങ്കിൽ വ്യത്യസ്തമായ ഒരു ബ്ലോഗ് നാമം ആയിരുന്നു നല്ലത്..കാപ്പിലാൻ, തത്പുരുഷൻ, വിശാലമനസ്കൻ എന്നൊക്കെ പറയുന്ന പോലെ..അത്തരം പേരുകൾ ആരേയും ആകർഷിക്കും”

“പക്ഷെ പൂ‍ർണ്ണമായി മറഞിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല …ഇതിൽ എന്റെ പേരൊളിഞ്ഞിരിപ്പുണ്ട് ..”
“ഇങ്ങനെ ഒരു നിലപാടെടുക്കാൻ കാരണം?”

“ഈ ബ്ലോഗിന് ഭാവിയിൽ ഒരു വിശേഷപെട്ടഅവാർഡെങാൻ ലഭിക്കുകയാണെങ്കിൽ..ഒരു അവകാശതർക്കം ഞാൻ ആഗ്രഹിക്കുന്നില്ല.

“ദീർഘ ദർശി തന്നെ താങ്കൾ..” വിജനമായ എന്റെ ബ്ലോഗ് പരിസരം വീക്ഷിച്ചുകൊണ്ട്അയാൾ പറഞ്ഞു. അപ്പോൾ അടക്കിപിടിച്ച ഒരു ചിരിയുടെ തിളക്കംആ കണ്ണുകളിൽ മിന്നി മറഞ്ഞതു പോലെ തോന്നി.
'-ഒരുബ്ലോഗിനെ സന്ദർശകരുടെ എണ്ണം നോക്കി വിലയിരുത്തരുത് .' ആ ചിരിതിളക്കത്തിനു മറുപടിയെന്നപോലെ ഞാൻ പറഞ്ഞു.

“ശരിയാണ്..എണ്ണത്തിലല്ല കാര്യം, ഗുണത്തിലാണ്...പക്ഷെ വായനക്കാർ ഏറ്റുവാങ്ങാനില്ലെങ്കിൽ സൃഷ്ടി പരാജയം തന്നെയാണ്. വെളിച്ചം കാണാത്ത ആർട് പടങ്ങൾ പോലെ....”

ആ പ്രസ്താവന എന്റെ ബ്ലോഗിന് ബാധകമല്ലെന്ന മട്ടിൽ നിശ്ശ്ബ്ദത പാലിച്ചപ്പോൾ അയാൾ തുടർന്നു.
"താങ്കൾക്ക് മെഡിക്കൽ ഫീൽഡുമായി എന്തെങ്കിലും ബന്ധമുണ്ടോ”?

‘-ആഫീൽഡുമായി എന്തെങ്കിലും ബന്ധം ഇല്ലാത്തവർ അപൂർവ്വമായിരിക്കും, മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഒരു രോഗിക്കുള്ളതിനെക്കാൾ ബന്ധമൊന്നും ആ ഫീൽഡുമായി എനിക്കില്ല ..’

എന്റെ കഥകൾ വായിക്കപെട്ടിരിക്കുന്നു എന്ന ആഹ്ലാദം മറച്ചു വച്ചു കൊണ്ട് ഞാൻ പറഞ്ഞു

“അതുമുഴുവനായി ഞാൻ വിശ്വസിക്കുന്നില്ല..അല്ലെങ്കിൽ കഥയുടെ പാശ്ചാത്തലം അങ്ങനെ വിശ്വസിക്കാൻഅനുവദിക്കുന്നില്ല..”

“അനാട്ടമിയും മെഡിസിനും മാത്രമല്ല, ആസ്ട്രോണമിയും ബോട്ടണിയുമൊക്കെ നിങ്ങൾക്കെന്റെ കഥകളിൽ പ്രതീക്ഷിക്കാം...എന്നുവച്ച് ഈ വിഷയങ്ങളിലെ എക്സ്പർട്ട് ഒന്നുമല്ല ഞാൻ..”

“അതിരിക്കട്ടെ , ഈ രചനകളിൽ മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ ഇൻഫ്ലുവൻസ് കാണുന്നു..എന്നു ഞാൻ പറഞ്ഞാൽ താങ്കൾ അതു നിഷേധിക്കുമോ..?
ഐ മീൻ ഒരു മാറ്റൊലി..”

‘ആരും വെള്ളം ചോരാത്ത അറകളിലല്ല ജീവിക്കുന്നത്..ഇത് ഞാൻ പറഞ്ഞതല്ല . മോഷണംകയ്യോടെ പിടിക്കപെട്ടപ്പോൾ പ്രശസ്തനായ സാഹിത്യകാരൻ പറഞ്ഞതാണ്.' -

കടം കൊണ്ടതാണെന്റെ ശൈലികൾ, ശീലുകൾ..പാഴായതാണെന്റെ വാക്കും വഴക്കവും...’

ഒരിക്കൽ ഞാൻ തന്നെ എഴുതി, അതിൽ ആത്മനിന്ദയുടെ ആധിക്യമുണ്ടെന്നു തോന്നുകയാൽ ചവറ്റു കുട്ടയിൽ വലിച്ചെറിഞ്ഞ കവിതയുടെ വരികൾശ്രീമധുസൂദനൻ നായരുടെശബ്ദം അനുകരിച്ച് നീട്ടി പാടി.

ആ സമയം അയ്യാൾ എന്റെ എഴുത്തുപുരയുടെ മാറാല കെട്ടിയ മുഖപ്പുകളും , പത്മദളങൾ കൊത്തിയ തൂണുകളും ദ്രവിച്ചുതുടങ്ങിയ ലായകളും ഒക്കെ നോക്കി കണ്ടു.
ഒരു മഹാവനത്തിന്റെ മിനിയേച്വർ പോലെ മുറ്റത്ത് വളർന്നുനിൽക്കുന്ന പന്നൽ കാടുകളിൽ നിന്ന് ഉയരുന്ന സീൽക്കാരങൾക്ക് കാതോർത്തു. എല്ലാം നിശ്ശബ്ദമായപ്പോൾ അയ്യാൾ തുടർന്നു..

“ പുതുമ , വ്യത്യസ്തത, ചടുലത..ഇതൊക്കെയാണ് ഒരു ബ്ലോഗിനെ ജനപ്രിയമാക്കുന്ന ഘടകങ്ങൾ” അതെനിക്കുള്ള ഉപദേശമെന്ന് കണ്ട് എന്റെ സംശയം ഞാൻ അയ്യാളോടുണർത്തിച്ചു.

-‘ബ്ലോഗറുടെ ടെക്നിക്കൽ ക്നോളജും..പ്രധാനമല്ലെ‘?
ഉദാഹരണത്തിന് എന്റെ ബ്ലോഗിനെ ആകർഷകമാക്കാനുള്ള വഴികളൊ അതിന്റെ വിസിബിലിറ്റി കൂട്ടാനുള്ള വിദ്യകളൊ എനിക്കറിയില്ല.. പിന്മൊഴിയിലും മറുമൊഴിയിലുമൊന്നും അതിലെ കമന്റുകൾ വരാറില്ല..’

"ഇത്തരം ഗിമ്മിക്കുകളൊന്നുമില്ലാതെയാണ് പലബ്ലോഗുകളും പ്രശസ്തമായിട്ടുള്ളത്. എങ്കിലും സംശയം ന്യായമാണ്. അടുത്ത തവണ ഈ ബ്ലോഗ് വിസിറ്റുചെയ്യുമ്പോഴേക്കുംഇതിനൊരു ത്തരം ഞാൻ കണ്ടെത്താൻ ശ്രമിക്കാം..പക്ഷെ അതുവരെ താങ്കളുടെ സർഗ്ഗവൈഭവം പ്രതികൂട്ടിലായിരിക്കും.”

പിന്നീട് അല്പസമയത്തെ മൌനത്തിനു ശേഷം അയ്യാളുടെ മുഖത്ത് ഒരു ചുവപ്പുരാശി മിന്നിമറയുന്നത് ഞാൻ ശ്രദ്ധിച്ചു.

ടീപോയിലിരിക്കുന്ന ‘ഒരു സ്വപ്നത്തിന്റെ ബാക്കി’ യിൽ അയ്യാളുടെ കണ്ണുകൾചുറ്റി പറക്കുകയാണ്..

ഒരു രഹസ്യം ഒളിഞ്ഞു നോക്കുന്നതിന്റെ പരുങ്ങൽ അവിടെകണ്ടു. വായനക്കൊടുവിൽ ഇത്രയും നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നമട്ടിൽ എന്നെ നോക്കി..

“ഈ അധ്യായത്തിൽ താങ്കളുടെ എഴുത്തിന്റെ കടിഞ്ഞാൺ പൊട്ടിയതായി തോന്നുന്നു. സ്ട്രിക്ട് സെൻസറിംഗിനു ശേഷം മാത്രമെ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യാവൂ...”
ഒരുതാക്കീതെന്ന പോലെ അയ്യാൾ പറഞ്ഞു.

ശ്ലീലമല്ലാത്ത പദങ്ങളൊ പ്രയോഗങളൊ അതിലില്ലഎന്നിട്ടും ഇത്തരമൊരഭിപ്രായം അയ്യാളിൽ നിന്ന് കേട്ടനിലക്ക് തത്കാലം അത് പ്രസിദ്ധീകരിക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു..

ടീപോയ്ക്ക് മുകളിൽ കത്തിക്കാനെടുത്തു വച്ചിരിക്കുന്ന രചനകളുടെ കൂട്ടത്തിലേക്ക് അതും കൂട്ടി വച്ചു. പിന്നെ ആ കടലാസു കെട്ടുകളെല്ലാം വാരിയെടുത്തു കൊണ്ട് എഴുന്നേറ്റു.. തൂക്കിവിറ്റാൽ ഭേദപെട്ട ഒരു കവിതാ സമാഹാരം വാങ്ങുവാനുള്ള പൈസ കിട്ടും..

“ ഇതെല്ലാം എങ്ങോട്ട് കൊണ്ട് പോകുന്നു?”

ഞാൻ അകത്തേക്ക് നടക്കുമ്പോൾ അയ്യാൾ വിളിച്ചു ചോദിച്ചു.

‘താങ്കളിരിക്ക് .... ഞാനൊരു ചായ ഇടട്ടെ.കത്തിക്കാൻ ഇവിടെ വേറെ വിറകില്ല...’

Friday, October 23, 2009

ഒടിയൻ !എടതിരിയൻ പാടം ആരംഭിക്കുന്ന മൂലയിൽ നേരമല്ലാനേരത്ത് കാളവണ്ടിയിറങ്ങി കമ്പിളി കണ്ടത്തിൽ കാരണവർ , മാനത്ത് താരാകദംബങ്ങളെല്ലാം തെളിഞ്ഞിരിക്കുന്നുവെങ്കിലും നക്ഷത്രവെളിച്ചവും നാട്ടു വെളിച്ചവും എത്തിനോക്കാത്ത ഊട് വഴികളിലൂടെ കല്ലുകളിൽ തട്ടി തെന്നുന്ന മെതിയടിപുറത്ത് പ്രയാസപെട്ട് നടന്നു.
കൂടൽ മാണിക്യം കോവിലിൽ പൂരവും കഴിഞ്ഞാണ് മൂപ്പരുടെ വരവ് . ചുമലിലെ കൈതോല വട്ടീയിൽ ആനയടിവലുപ്പത്തിലുള്ള ചിറ്റു മുറുക്ക്, അറബി നാട്ടിൽ നിന്ന് പത്തേമാരികളിൽ വന്നിറങ്ങുന്ന കളിയടക്കയുടെ വലുപ്പമുള്ള ഈത്തപ്പഴങ്ങൾ.., ഈറ്റത്തണ്ടു കൊണ്ടുള്ള പീപ്പികൾ, പമ്പരങ്ങൾ, മരപ്പാവകൾ ...മുതലായവ ഉണ്ട്..
ഇരുണ്ട് കിടക്കുന്ന നാട്ട് വഴികൾ താണ്ടി ഇടത്തിരുത്തി പാടത്തേക്കിറങ്ങിയതോടെ കണ്ണിൽ ഒരു നീല വെളിച്ചമുദിച്ചതു പോലെ തോന്നി കാരണവർക്ക്. മാണിക്യകവിടികൾ നിരത്തി ഒരു മഹാജ്യോതിഷിയായി, ധ്യാനിച്ച് നിൽക്കുന്ന മറയില്ലാത്ത വേനലാകാശം മുകളിൽ..
പ്രശ്നവിധിയെന്തെന്നറിയാൻ ഒരു കൃഷീവലനെ പോലെ കാത്തു നിൽക്കുകയാണ് താഴെ വരണ്ട് കിടക്കുന്ന വയൽ പരപ്പ്..
മഴപെയ്യുവാൻ ഇനി എത്രനാൾ.? ആയില്ല്യന്റെ വാലിൽ ഇരിപ്പുറപ്പിച്ചിരിക്കുന്ന അത്തകാക്ക പടിഞ്ഞാറ് ചായുന്നു. (ഹൈഡ്ര, കോർവസ് - മാനത്തെ രണ്ട് താരാഗണങ്ങൾ )
പാതിര കഴിഞ്ഞു . പക്ഷെ പുലരുവാനിനിയും എത്ര വിനാഴികകൾ. .താരങ്ങളുടെ സ്ഥാനം നോക്കി കാരണവർ മനസ്സിൽ കണക്കു കൂട്ടുവാൻ തുടങ്ങി..
അന്യദേശത്തായിരുന്നകാലത്ത് കാരണവർ അൽ‌പ്പം ജ്യോതിഷവും ജ്യോതിശാസ്ത്രവും പഠിച്ചിട്ടുണ്ട്. നക്ഷത്രരാശികളൊക്കെ മൂപ്പർക്ക് തിരിച്ചറിയാം.. അതുപോലെ ഒരു വിധം കാളീകൂളി പ്രേതാദികളൊന്നും മൂപ്പരുടെ അടുത്ത് അടുക്കുകയില്ല..!!
അത്യാവശ്യം മാന്ത്രികവിദ്യകളും കൈവശമുണ്ട് ..
അതുകൊണ്ടാണ് വയൽ വരമ്പിലൂടെ നടന്നു പോകുമ്പോള് പെട്ടന്ന് മുമ്പിൽ മാർഗ്ഗം തടഞ്ഞു കൊണ്ട് പ്രത്യക്ഷപെട്ട , വെളുത്ത കൂറ്റൻ കാള ഒരു സാധാരണ കാളയല്ലെന്ന് അദ്ദേഹത്തിന് ഒറ്റനോട്ടത്തിൽ മനസ്സിലായത് !!
അദ്ദേഹം വഴി മാ‍റാൻ മിനക്കെടാതെ നടന്നത് നേരെ കാളയുടെ നേർക്കാണ്..
അപ്പോ‍ൾ , അതൊന്ന് മുക്രയിട്ടു,!!
മരണം ഒരു വലിയ ബ്രാക്കറ്റിനുള്ളിലാക്കിയതു പോലുള്ള വലിയ കൊമ്പുകൾ കുലുക്കി.
ആരും പേടിച്ച് ഉടുതുണി നനക്കുന്ന സന്ദർഭം …
പക്ഷെ കാരണവർ ഇടത്തുകാൽ പിൻ മടക്കി ഒരൊറ്റ തൊഴിയായിരുന്നു.!!
ഉടനെ കാരണവരുടെ കാൽക്കൽ വീണ് തൊഴുതു..
കാളയല്ല , പഴയ സതീർഥ്യൻ പാണൻ കണാരൻ !!!
“അടിയനു ആളു തെറ്റി ..പൊറുക്കണം”.
കാരണവർ പക്ഷെ , കാൽക്കൽ വീണു കിടക്കുന്ന പഴയ കൂട്ടുകാരനെസ്നേഹത്തൊടെ എണീപ്പിച്ച് നിറുത്തി.
“അപ്പോൾ , ഒടുവിൽ ഒടി വിദ്യകളൊക്കെ നീ പഠിച്ചു അല്ലേ?”
കാരണവർ , കണാരനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു..
പഠിക്കുന്ന കാലത്ത് വളരെ മോശം സ്റ്റുഡന്റായിരുന്നു പാണൻകണാരൻ .
ഒരു കൈ വിഷത്തിന്റെ കൂട്ടുകൾ പോലും ഓർത്ത് വക്കുവാൻ അവനെ കൊണ്ടാവില്ലായിരുന്നു. എന്തായാലും ഒന്നുമിണ്ടാനും പറയാനും ഒരാളെ കൂട്ടു കിട്ടിയതിൽ , അതും പഴയ കളികൂട്ടുകാരനെ, അതീവസന്തുഷ്ടനായിരുന്നു കാരണവര്.
ദീർഘനാളായി അന്യദേശത്തായിരുന്നതിനാൽ പലദേശവിശേഷങ്ങളും പാണനിൽ നിന്ന് അറിയാനുണ്ടായിരുന്നു കാരണവർക്ക്...പക്ഷേ പാണനു പറയുവാനുള്ളതേറെയും ദുരിതവിശേഷങ്ങളായിരുന്നു !
കഴിഞ്ഞ കർക്കിടകത്തിലെ വെള്ള പൊക്കത്തിന്റെ വിശേഷങ്ങൾ...
വെള്ള പൊക്കത്തിൽ പലരേയും കാണായതായതും, ഇട്ട്യാതിയെ പോലെ ചിലർ വിശപ്പുസഹിക്കാൻ വയ്യാതെ ഒതളങ്ങ എടുത്തു തിന്നതും !
ശുനകന്മാരുടെ വരിയുടക്കുക (castration) , വീട്ടു മൃഗങ്ങൾക്കു മൂക്കു തുളച്ച് കയറിടുക , പനയോലക്കുട ഉണ്ടാ‍ക്കുക തുടങ്ങിയ തന്റെ ജീവനോപായ മാർഗ്ഗങൾ വഴിമുട്ടിയതും…..അങ്ങിനെ വർത്തമാനം പറഞ്ഞ് പറഞ്ഞ് കാരണവർ വീടെത്തി..
പാണന്റെ കുടിലിലേക്ക് ഇനിയും രണ്ട് നാഴികദൂരമുണ്ട്..
യാത്ര പറയാൻ നേരം പാണൻ കാരണവരെ പിറ്റേന്ന് തന്റെ കുടിയിലേക്ക് ക്ഷണിച്ചു.
ഒരു കുപ്പി റാക്കും നെല്ലിക്കോഴിയെ ചുട്ടതും അയാൾ വാഗ്ദാനം ചെയ്തു..!
പിറ്റെന്നു വട്ടിയിലെ സാമാനങ്ങളെല്ലാം വീട്ടിലെല്ലാവർക്കുമായി വിതരണം ചെയ്ത് , ഒരു രാത്രി ഉറക്കൊഴിച്ചതിന്റെ ക്ഷീണം നെല്ലിട്ട് വച്ചിരിക്കുന്ന പത്തായപുറത്ത് കിടന്ന് ഉറങ്ങി തീർത്ത് , വെയിലു ചാഞ്ഞതോടെ കാരണവർ മേലുതേക്കാനുള്ള ഇഞ്ചയും ഒരു ഈരെഴ തോർത്തുമായി വീടിനു വടക്കുള്ള, ശാപം കിട്ടിയ ഗന്ധർവരും ചിലമായാവിനികളും മത്സ്യ മണ്ഡൂകാദികളായി പാർത്തു വരുന്ന മാനസസരസ്സിന്റെ പടവുകളിറങ്ങി !
സരസ്സിൽ ഇവർക്കെല്ലാം വിശ്രമിക്കാനുള്ള കേളീഗൃഹങ്ങൾ പോലെ വലിയ വെള്ളതാമരകളും വിടർന്നു നിന്നിരുന്നു. (അക്കാലത്ത്, ഇതിൽ വർഷങ്ങൾ കൂടുമ്പോൾ ഒരു ജലപിശാച് വിരുന്നു പാർക്കാൻ വരുമായിരുന്നു. അപ്പോൾ ഇതിലെ കണ്ണീരു പോലെ തെളിഞ്ഞവെള്ളം കടുത്ത പച്ച നിറമാകും. ഈ സരസ്സ് ഇന്ന് കരിപ്പിടീ കാരാമകൾ പുളക്കുന്ന ഒരു പൊട്ടകുളമായി കോലം കെട്ട് പോയിരിക്കുന്നു !) കുളി കഴിഞ്ഞ കാരണവർ പാണനു കാഴ്ചവെക്കാൻ ഏതാനും അണകളും ,വിലപിടിച്ച ഏലസ്സുകളും , വിശേഷപ്പെട്ട മരുന്നുകളുണ്ടാക്കാൻ കുളത്തിൽ നിന്ന് പറിച്ചെടുത്ത താമരകിഴങ്ങും , പൂമൊട്ടുകളുമൊക്കെയായി തെക്കോട്ട് രണ്ട് നാഴിക നടന്ന് താഴെ ചിത്രകൂടകല്ലുകൾ പ്രതിഷ്ഠിച്ചിട്ടുള്ള വലിയ ആഞ്ഞിലി മരത്തിന്റെ ചോട്ടിലെത്തി.
അതിലേ പടിഞ്ഞാട്ടിറങ്ങി പോകുന്ന ഊടുവഴിയിലൂടെ വേണം പാണന്റെ കുടിലിലേക്ക് പോകുവാൻ
പക്ഷെ വഴിയെവിടെ ? ആളുയരത്തിൽ വളർന്നു നിൽക്കുന്ന കാട്ടുപുല്ലുകൾ മാത്രം !!
ഇതിലെ ആൾ സഞ്ചാരമുണ്ടായിട്ട് എത്രയോനാളുകളായിക്കാണും.!!
വളർന്നു നിൽക്കുന്ന പുല്ലുകൾ വകഞ്ഞു മാറ്റി കാരണവർ പാണന്റെ കുടിലു ലക്ഷ്യമാക്കി നടന്നു. ഒടുവിൽ ആൾ താമസമില്ലാതെ ചിതലെടുത്ത് നിലത്തോടമ്പി കിടക്കുന്ന കിടക്കുന്ന കുടിലിനു മുന്നിലെത്തിനിന്നപ്പോ‍ൾ കാരണവർ വിചാരിച്ചു..
” ജീവിച്ചിരിക്കുമ്പോൾ നിനക്ക് ഒടിവിദ്യപഠിക്കാനാവില്ലെന്നെനിക്കറിയാമായിരുന്നു..എന്നിട്ടുംപാണാ നിന്റെ യീ കളി ഞാൻ നിനച്ചതല്ല.!”
അപ്പോൾ കുടിലിന്റെ ഉടഞ്ഞ കളിമൺകട്ടകൾക്കിടയിലൂടെ ഒരു വലിയ കൃഷ്ണസർപ്പം ഇഴഞ്ഞു വന്നു. അത് തലയുയർത്തി അല്പനേരം നിന്നതിനു ശേഷം കാരണവരെ താണു വണങ്ങി അടുത്തുള്ള കുറ്റി കാട്ടിലേക്ക് ഇഴഞ്ഞുപോയി......

Saturday, October 17, 2009

കാണാത്ത സിനിമയിലെ മറയാത്ത ദൃശ്യം !


പണ്ട്,പത്തുമുപ്പത് വർഷങൾക്ക് മുൻപ് കേട്ട ഒരു കഥയാണ്.സിനിമയുമായി ബന്ധപെട്ട് സിനിമാകഥ പറച്ചിൽഎന്ന ഒരു കലാ രൂപവും പുഷ്കലമായിരുന്ന കാലം. കഥ പറയുന്നവർ പലപ്പോഴുംഒരു സിനിമ കാണുന്ന അതേഉദ്ദ്വേഗവും അനുഭൂതിയും കേൾവിക്കാർക്ക് പകർന്നു തന്നു.ചിലപ്പോൾസ്വന്തം മനോധർമ്മങളും ചേർത്ത് ഇവർ കഥഒന്നു പൊലിപ്പിക്കുകയും ചെയ്തു. അങ്ങിനെ കാണാതെ കണ്ട ഒരു സിനിമയുടെ കഥ യാണ് ഇത്.സിനിമയുടെ പേര്ഓർമ്മയില്ല.ഏതെങ്കിലും ഒരു സാധാരണപേരായിരിക്കാം .കഥയിലുമില്ല അസാധാരണത്വം.എന്നിട്ടും ആകഥ ഇന്നുംഓർത്തിരിക്കുന്നതിനു കാരണം കുടുംബം-പ്രണയം-പിണക്കം എന്നൊക്കെ അന്നത്തെ ചിട്ട വട്ടങൾക്കനുസരിച്ച്തുടങിയ കഥ പെട്ടെന്ന് മുന്നറിയിപ്പൊന്നു മില്ലാതെ ഭ്രമാത്മകമായൊരു നിമിഷത്തിലേക്ക് തെന്നി തെറിച്ചതായിരിക്കണം.ഇനി കഥയിലേക്ക് കടക്കാം.പ്രതാപിയായ അച്ഛ്നും ഹൃദയവതിയായ അമ്മയും സുന്ദരിയായ മകളും അടങ്ങിയ ഒരു കുടുംബം. മകൾക്ക്കോളേജിലെ സഹപാഠിയുമായി പ്രണയം. നായികാ നായകന്മാരെ തത്കാലം ലക്ഷ്മിയെന്നും പ്രകാശ് എന്നും വിളിക്കാം.സുന്ദരനും ബുദ് ധിമാനുമെങ്കിലും സോഷ്യൽ സ്റ്റാറ്റസിൽ ലക്ഷ്മിയെക്കാൾ വളരെ താഴെ യാണ് പ്രകാശ്.അതുകൊണ്ട് , ഈവിവരം ലക്ഷ്മിയുടെ വീട്ടിൽ ഒരുകൊടുങ്കാറ്റ് തന്നെ അഴിച്ച് വിടുന്നു.പ്രതാപിയായ അച്ചന്റെ അഭിമാനത്തിനു മുറിവേൽക്കുന്നു.ഹൃദയവതിയായ അമ്മയുടെ മനസ്സ് തകരുന്നു..വെല്ലുവിളികൾക്കും കോലാഹലങൾക്കു മിടയിൽ ഒരു സുപ്രഭാതത്തിൽ ലക്ഷ്മിപ്രകാശിന്റെ കൂടെ ഇറങ്ങി പോകുന്നു..അച്ഛ്ൻ കൂടുതൽ രോഷാകുലനാകുന്നു.അമ്മയാകട്ടെ കൂടുതൽ ദു:ഖിതയും.തനിക്ക് അങ്ങിനെയൊരുമകൾ ഇല്ലെന്ന് അയാൾ തീർത്ത് പറയുന്നു. മകളെ തള്ളിപറയാൻ അമ്മയ്ക്കാവുന്നില്ല. ഭർത്താവിനെ ധിക്കരിക്കാനും. അതുകൊണ്ട്അവർ ശരിക്കും ധർമ്മസങ്കടത്തിലാകുന്നു.താമസിയാതെ ഹൃദയവേദന മൂലം അമ്മ ശയ്യാവലംബിയാകുന്നു.കാലങ്ങൾ കഴിയുന്നു..ലക്ഷ്മി പ്രകാശുമൊത്ത് ദൂരെ ടൌണിലാണ് താമസം..ഇന്നവളുടെ ജന്മദിനമാണ്.നേരത്തെയെഴുന്നേറ്റ് അമ്പലത്തിൽ പോയി തൊഴുതു. അമ്മയ്ക്ക് വേണ്ടി പ്രത്യകം പ്രാർഥിച്ചു. വീട്ടിലെ വിശേഷങൾ പഴയ കാര്യസ്ഥന്റെ ഭാര്യ വഴി വല്ലപ്പോഴുംഅവളറിയാറുണ്ട്.അമ്മയെ ഒന്ന് ചെന്ന് കാണണമെന്ന് അവൾക്കു തോന്നിയിരുന്നു.പക്ഷെ പ്രകാശും വാശിയിലായിരുന്നു. അച്ച്ഛൻ വന്നു വിളിക്കാതെ അങ്ങോട്ടില്ലെന്ന് അയാളും ഉറച്ച് നിന്നു.ഇന്ന് വിശേഷദിവസമായതിനാൽ പ്രകാശ് ഓഫീസിൽ നിന്ന് നേരത്തെയെത്തും. അവൾ വേഗം അടുക്കളയിൽ കയറി ഒരു ചെറിയ സദ്യയ്ക്കുള്ള ഒരുക്കങൾ തുടങ്ങി നേരം ഉച്ചയാവാറായി..ചോറും കറികളുമെല്ലാംകാലമായി കഴിഞ്ഞു. അവൾ ഭർത്താവിനെയും പ്രതീക്ഷിച്ചിരിപ്പാണ്.വാതിലിൽ മെല്ലെ ഒരു മുട്ട് കേൾക്കുന്നു..അവൾ ചെന്ന് വാതിൽ തുറന്നു..വാതിൽക്കൽ ഒരു നിറകൺ ചിരി യുമായി നിൽക്കുന്നത് അവളുടെ അമ്മ ! പഴയ അതേ പ്രസരിപ്പോടെ..ഒരു പുതിയ ചൈതന്യത്തോടെ..എന്തെന്നറിയാത്ത ആഹ്ലാദത്തോടെ വാക്കുകൾ പോലും നഷ്ട്ടപെട്ട് കുറച്ച് നിമിഷങൾ അവൾ നിന്നു.പിന്നെഅമ്മയെ അകത്തേക്ക് ക്ഷണിച്ചിരുത്തി..അമ്മ എങ്ങിനെ അവിടെ എത്തി? കൂടെ ആരും വന്നില്ലെ? അച്ഛ്നു തന്നോട് ഇപ്പോഴും വെറുപ്പാണൊ?അവളുടെ ഉള്ളിൽ ഒരു പാട് ചോദ്യങൾ വിങ്ങി നില്ക്കുന്നുണ്ട്..അമ്മ ഇത്രദൂരവും ഈ വെയിലത്ത് വന്നതല്ലെ. ഭക്ഷണം കഴിച്ച് ഒന്ന്വിശ്രമിക്കട്ടെ.എന്നിട്ടാവാം വർത്തമാനമൊക്കെ..അവൾ അമ്മയ്ക്ക് കൈ കഴുകാൻ കിണ്ടിയിൽനിന്ന വെള്ളമൊഴിച്ചു കൊടുത്തു.നടുമുറിയിൽപലകയിട്ട് അമ്മയെ ഇരു ത്തി. തൂശനിലയിൽ ചോറും കറികളും വിളമ്പി.തന്റെകൈകൊണ്ട് ഉണ്ടാക്കിയ കറികളും കൂട്ടി അമ്മ ചോറുണ്ണാൻതുടങ്ങുന്നത് അവൾ ഒരു നിർവൃതി യോടെ നോക്കി നിന്നു. വീ‍ണ്ടും പുറത്ത് വാതിലിൽ മുട്ട് കേൾക്കുന്നു.“പ്രകാ‍ശേട്ടനായിരിക്കും...” അവൾ എഴുന്നേറ്റുകൊണ്ട് അമ്മയോടു പറഞ്ഞു. അപ്പോൾ അമ്മയുടെ മുഖത്ത് നിഗൂഡമായ ഒരു പുഞ്ചിരി വിടർന്നു.അവൾ വാതിൽ തുറന്നു:മുന്നിൽനിൽക്കുന്നത് പഴയകാര്യസ്ഥൻ ശങ്കരപിള്ള! അയ്യാൾ ക്ഷീണിതനും ദു:ഖിതനും ആയികാണപെട്ടു.“എന്താ ശങ്കരമ്മാവാ..” അവൾ ആ‍കാംക്ഷയോടെ ചോദിച്ചു.”കുഞ്ഞിനേയും പ്രകാശനേയും കൂട്ടി കൊണ്ട് പോകാൻ വന്നതാണ് ഞാൻ . അച്ഛൻ പറഞ്ഞിട്ട്. കുഞ്ഞിനറിയാമല്ലൊ അമ്മകിടപ്പിലായിരുന്നുകുറെനാളായിട്ട്.ഇന്നലെ സന്ധ്യയ്ക്ക് അസുഖം കൂടി . മോളെ കാണണമെന്ന ഒരേ വാശി തന്നെ. ഇന്നുകാലത്ത് അച്ഛൻ എന്നെ വിളിപ്പിച്ചു.എത്രയും പെട്ടെന്ന്മോളെയും പ്രകാശനെയും കൂട്ടി ചെല്ലാൻ ഏൽ‌പ്പിച്ചു.. “ ഒരുൾക്കിടിലത്തോടെയാണ് അവൾ അയ്യാൾ പറയുന്നത് കേട്ടു നിന്നത്.ഒരു വെളിപാട് പോലെ അവൾക്കെല്ലാം മനസ്സിലായി.. അവൾ ഒരു തേങ്ങലോടെ തിരിഞ്ഞ് മുറിയിലേക്കോടി…
അവിടെ ഇലയിൽ വിളമ്പിയ ചോറും കറികളും അതേപോലെ ഇരിക്കുന്നു.അമ്മയില്ല.!ആരുമില്ല..!തൂശനിലയുടെ കീറിയ തുമ്പ് മാത്രം കാറ്റിൽ പിടച്ച് കൊണ്ടിരുന്നു.....മിതത്വം ആവശ്യ പെടുന്ന കഥയുടെ പരിണാമഗുപ്തി സംവിധായകൻ എങ്ങിനെയാണ് കൈകാര്യം ചെയ്തത്? അത് അന്നത്തെ പ്രേക്ഷകർ എങ്ങിനെ സ്വീകരിച്ചു? നടീനടന്മാർ ആരൊക്കെ? അതിനെ കുറിച്ചൊന്നും ധാരണയില്ല.പക്ഷെ ചോറുംകറികളും വിളമ്പിവച്ച തൂശനിലയുടെ തുമ്പ് കാറ്റിൽ പാറുന്ന ആ‍ ഫ്രെയിം മനസ്സിൽ ഇന്നും പതിഞ്ഞ് നിൽക്കുന്നു…. മണ്ണിലെമനുഷ്യബന്ധങൾക്ക് അഭൌമ മായൊരു അർത്ഥതലം നൽകികൊണ്ട്......

Monday, October 12, 2009

വൃന്ദാവനം കൈവിട്ട കണ്ണൻ !!


കണ്ണൻ വീണ്ടും വൃന്ദാവനത്തിൽ എത്തിയിരിയ്ക്കയാണ് .
തെറ്റിദ്ധരിക്കേണ്ട..കണ്ണൻ രോഗിയും , വൃന്ദാവൻ ഈ ഹോസ്പിറ്റലുമാകുന്നു.മൂന്നു മാസങ്ങൾക്ക് മുൻപ് അയാൾ ഇവിടെ വന്നത് നെഞ്ചു വേദനയുമായിട്ടായിരുന്നു. എക്സ് റേ ഉൾപ്പെടെ അടിസ്ഥാന പരിശോധനകളെല്ലാം കഴിഞ്ഞ് , തൊണ്ടിയോടെ ന്യായാധിപനു മുന്നിൽ ഹാജരാക്കപെട്ട പ്രതിയെപ്പോലെ അന്നയാൾ ഡോ: മൂർത്തിക്കു മുന്നിലിരുന്നു.

ഡോ: ഒരു ഗവേഷണവിദ്യാർത്ഥിയുടെ അവധാനതയോടെ എക്സ് റേ ലോബിയിലിരിക്കുന്ന അയാളുടെ നെഞ്ചിന്റെ ഭൂപടം പരിശോധിച്ച് പ്രവാചകനായ ഒരു കവിയെ പോലെ പറഞ്ഞു തുടങ്ങുകയുണ്ടായി:

“ രോഗം മൊട്ടിട്ടു കഴിഞ്ഞു… ഇനി അത് ഒരു പൂവായിവിടരും…പിന്നെ വസന്തമാകും.അതു വരെ കാത്തിരിക്കാം.”
“അപ്പോൾ ചികിത്സ”?
കണ്ണൻ ഇടർച്ചയോടെ ചോദിച്ചു..

“മൂന്ന് മാസം കഴിഞ്ഞു വരൂ ... അപ്പോൾ നിശ്ചയിക്കാം.”
ഡോ: മൂർത്തിയുടെ സ്വരം ഉറച്ചതായിരുന്നു. അതെ... വൃന്ദാവൻ ക്ലിനിക്കിലെ പ്രഗൽഭനായ ഡോക്ടറുടേത് അവസാന വാക്കായിരുന്നു !!

അങ്ങിനെ വേദനയുടെ വസന്തോത്സവം മൂന്നു മാസം ആഘോഷിച്ചതിനു ശേഷം അയാൾ വീണ്ടും ഇവിടെ എത്തിയിരിക്കുന്നു .
വീര്യം കൂടിയ വീഞ്ഞു സേവിച്ചതു പോലെ വേദനയുടെ ലഹരിയിൽ അയ്യാളുടെ കണ്ണുകൾ കൂമ്പിയിരുന്നു. ഡോക്ടർ അയ്യാളെ ഹൃദയപൂർവ്വം സ്വീകരിച്ചു ചികിത്സാമുറിയിലേക്ക് കൊണ്ടു പോയി.
അയ്യാ‍ളെ അവിടെ എത്തിച്ച അപരിചിതൻ വരാന്തയിലെ തിരക്കിലെവിടെയോ അപ്രത്യക്ഷനായിരുന്നു....

ഡോ:മൂർത്തിയും അയ്യാളും ഒരു കട്ടിലും മാത്രം. ഡോക്ടറുടെ കണ്ണിൽ പിതൃവാത്സല്ല്യം അയാൾ കണ്ടു. പക്ഷെ അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശിശിരത്തിന്റെ തണുപ്പായിരുന്നു.

ഒരു വലിയ സിറിഞ്ചിൽ മരുന്നു മായി സിസ്റ്റർ എത്തി.
ഡോക്ടർ അതേറ്റുവാങ്ങി കണ്ണന്റെ കൈതണ്ടയിലെ നീല ഞരമ്പിൽ കുത്തിവക്കുവാൻ തുടങ്ങി .കണ്ണൻ ഒരു മയക്കത്തിലേക്കു വീണു കൊണ്ടിരിക്കുകയാണ്...

ഡോക്ടറുടെ സ്വരം അപ്പോഴും അയ്യാൾ കേൾക്കുന്നുണ്ട്.

“ഈ മരുന്നിന്റെ തുള്ളികൾ നിന്റെ വേദനയെ നിർവീര്യമാക്കും.പിന്നെ വേദനകൊണ്ടു മുറുകിയ പേശികളെ ഒന്നന്നായി തളർത്തും..ആദ്യം കൈകാലുകൾ..പിന്നെ ഉടൽ..”
ഡോക്ടറുടെ സ്വരം ചക്രവാള ത്തിനപ്പുറം മറഞ്ഞു കഴിഞ്ഞു.....
ഉറങ്ങി എണീക്കുമ്പോൾ വേദനയെല്ലാം പൊയ് പോയിരുന്നു..ആശുപത്രിയുടെ ഡെറ്റോൾ ഗന്ധം മാറി പൂജാമുറിയിലെ ചന്ദനത്തിരി സുഗന്ധം പരന്നു..
മുറിയിലാകട്ടെ ആരുമില്ല!
അപ്പോൾ കണ്ണനു എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്നു തോന്നി.
അങ്ങിനെ അയാൾ ആരോടും പറയാതെ അവിടെ നിന്നെഴുന്നേറ്റ് പുറത്തു കടന്നു.
തോട്ടത്തിൽ സ്പൈഡർ ലില്ലികൾ പൂത്തു നിൽക്കുന്നു..
വൃന്ദാവനത്തിൽ നിന്നു രക്ഷപെട്ട കണ്ണൻ അമ്പാടി ലക്ഷ്യമാക്കിനടന്നു.
‘അമ്പാടി’ അയാളുടെ വീടിന്റെ പേരാണ്.

ഒരേയൊരു മകന്റെ പേരും അതു തന്നെ...

സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തുമ്പോൾ സന്ധ്യയായിയിരുന്നു..
കാറു മൂടിയ ആകാശത്തിനു കീഴേ മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഒരു നേർത്ത വെളിച്ചം വഴികാട്ടിയായി ..മഴതോർന്ന പാടത്ത് മിന്നാമിനുങ്ങുകളുടെപാനീസു വിളക്കുകൾ പാറി നടക്കുന്നു.
എതിരെ ആരോ വരുന്നുണ്ട്...
അടുത്തെത്തിയപ്പോഴാണ്ആളെ മനസ്സിലായത്. അടുത്ത വീട്ടിലെ ജോസഫ്.!
അയാൾ കണ്ണനോട് അസുഖ വിവരങ്ങൾ ചോദിച്ചു. ക്ഷണനേരത്തെ കുശലാന്വേഷണത്തിനുശേഷം ഇരുളിൽ മറഞ്ഞു. തനിച്ചായപ്പൊഴാണു ഒരു ഞെട്ടലോടെ ഓർത്തത്.
ങ്ഹേ ജോസഫ് !!! മുൻപ് ഇതുപോലൊരു സന്ധ്യക്ക് ഇയാളുടെ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോളല്ലേ ആദ്യമായി തനിക്ക് നെഞ്ചു വേദന അനുഭവപെട്ടത് !!
മൂന്നു മാസം മുൻപ് മരിച്ച ജോസഫിനെയാണ് ഇപ്പോൾ കണ്ടത്!
ഒരു പക്ഷെ മരുന്നിന്റെ സെഡേഷൻ വിടുന്നതായിരിക്കാം..അല്ലെങ്കിൽ ഇതൊരു സ്വപ്നാടനമാകാം..എന്തായാലും വല്ലാത്ത ഒരു ലാഘവത്വം അനുഭവപെടുന്നുണ്ട്.
വീണ്ടും മുന്നോട്ടു നടന്നു..
വർഷങ്ങൾക്കപ്പുറത്തു നിന്നെന്നപോലെ ഒരു സ്വരം കേൾക്കുന്നു!
ഒരു പദ്യപാരായണം ..ചെറുമൻ ചേന്ദന്റെ കുടിലിൽ നിന്നാ‍ണ്.
വരാന്തയിലിരുന്ന് പാഠ പുസ്തകത്തിലെ കവിത ഉറക്കെ ചൊല്ലുകയാണ് അയാളുടെ മൂത്ത മകൾ. മുപ്പത് വർഷം മുമ്പ് പാമ്പുകടിയേറ്റു മരിച്ചു പോയ സാവിത്രി !
അവൾ തന്റെ സഹപാഠിയായിരുന്നു..!!

മതിഭ്രമങ്ങളിൽ നിന്ന് രക്ഷപെടാനെന്നപോലെ അയാൾ നടത്തത്തിന് വേഗം കൂട്ടി.

വീട്ടിലെത്തിയപ്പോൾ രാധിക വാതിൽ ചാരാതെ തന്നെ കാത്തിരിക്കുകയാണ്. അയാൾ വാതിൽക്കൽ നിറഞ്ഞു നിന്ന് മെല്ലെ ചുമച്ചു.
തന്റെ സാന്നിധ്യം അവളറിഞ്ഞില്ലെന്നു തോന്നിയപ്പോൾ വീണ്ടും അയാളൊന്നു മുരടനക്കി..

അവൾ മിഴികൾ ഉയർത്തി .അവളുടെ നോട്ടം സുതാര്യമായ തന്റെ ഉടലിലൂടെ കടന്ന് പടിപ്പുരയിലേക്ക് നീണ്ടു…
അപ്പോൾ മാത്രമാണ് താൻ കഥാവശേഷ നായെന്ന് അയ്യാൾക്ക് പൂർണ്ണബോധ്യം വന്നുള്ളൂ.

Tuesday, October 6, 2009

മാറാരോഗം ...


കേണൽ എസ് .മേനോൻ ജീവൻസ് ക്ലിനിക്കിലെ സന്ദർശകനായിട്ട് അധികകാലമായിട്ടില്ല. തിരക്കുകുറഞ്ഞ ഒന്നാംതിയ്യതികളിലാണ് അദ്ദേഹത്തിന്റെ സന്ദർശനം.രോഗവിവരങ്ങൾ കൂടാതെ അദ്ദേഹത്തിന് ഒരു പാട് കാര്യങ്ങൾ പറയാനുണ്ടാകും. അതെല്ലാം ക്ഷമയോടെ കേൾക്കാൻ കഴിവുള്ള ഒരേയൊരാൾ ഡോക്റ്റർ ജീവൻ മാത്രമാണെന്ന് അദ്ദേഹത്തിന് നല്ല വണ്ണം അറിയാം.

‘ ഐ ആം എ മ്യൂസിയം ഓഫ് ഡിസീസസ്..ഡോക്റ്റർ”.

ആദ്യത്തെ കൂടി കാഴചയിൽ മേനോൻ സ്വയം പരിചയ പെടുത്തിയത് അങ്ങനെയാണ്. അതിനു തെളിവെന്നതു പോലെ ഒരു വലിയ ഫയൽ എടുത്ത് മേശപ്പുറത്ത് വച്ചു.

“ ഇതു വരെയുള്ള എന്റെ ചികിത്സയുടെരേഖകളാണ്”

ജീവൻ അതിലൂടെയൊന്ന് കണ്ണോടിച്ചു. നിരവധി പ്രിസ്ക്രിപ്ഷനുകൾ..,ലാബ് ടെസ്റ്റുകൾ,എക്സ് റേ-സകാൻ മുതലായവയുടെ റിപ്പോർട്ടുകൾ...ഹെഡ് എയ്ക്ക് മുതൽ ഹീൽ പെയ്ൻ വരേയുള്ള അസുഖങ്ങൾക്ക് ഒരു ഡോക്ടർ ഷോപ്പിംഗ് തന്നെ നടത്തിയിരിക്കുന്നു..
ഇരുപതു വർഷം മുൻപുള്ള രേഖകൾ വരെ സൂക്ഷിച്ച് വച്ചിട്ടുണ്ട്. ശരീരത്തിന്റെ പലഭാഗത്തും മാറി മാറി വരുന്ന വേദനകളാണ് മുഖ്യ രോഗലക്ഷണം. പിന്നെകൈ കാൽ കഴപ്പ് , തരിപ്പ്, അസിഡിറ്റി..
സത്യത്തിൽ മേനോന് എന്താണസുഖം? നീണ്ട പരിശോധനയ്ക്കൊടുവിൽ ജീവൻ ഒരു ചിന്താകുഴപ്പത്തിലകപെട്ടു. അദ്ദേഹത്തിന് സാധാരണയായി ഈ പ്രായത്തിൽ കാണുന്ന രക്തസമ്മർദ്ദം ,പ്രമേഹം, ഉയർന്ന കൊളൊസ്ട്രോൾ മുതലായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഇസിജി , എക്സ്റേസ്കാനിംഗ് റിപ്പോർട്ടുകൾ എല്ലാം തന്നെ നോർമ്മൽ.. മേനോൻ ദൃഢഗാത്രനായ ഒരു മനുഷ്യനാണ്. കാഴ്ചക്ക് പഴയ ഹിന്ദി നടൻ സഞ്ചീവ്കുമാറിന്റെ ഇരട്ട സഹോദരനാണെന്ന് തോന്നി പോകും. ഉയരകൂടുതലും ഇരുണ്ട നിറവുമാണ് അപവാദങ്ങൾ.. അൻപതിനും അറുപതിനും ഇടയിലെവിടെയോ സംശയിച്ചു നിൽക്കുന്ന പ്രായം . എത്രയോ സുന്ദരിമാരുടെസ്വപ്നങ്ങളെ തട്ടിയെറിഞ്ഞു കൊണ്ടായിരിക്കാം ഈ പ്രായത്തിലും അദ്ദേഹം അവിവാഹിതനായി തുടരുന്നത് !!

അസുഖങ്ങളില്ലാതെ സദാ അസ്വസ്ഥരായ , കാരണമില്ലാതെ വേദനിച്ചുകൊണ്ടിരിക്കുന്ന “ഹൈപോകോൻഡ്രിയാക് ” ആയ ധാരാളം രോഗികളെ കണ്ടിട്ടുണ്ട്. അത്തരമൊരു രോഗി മാത്രമാണോ കേണൽ മേനോൻ? തീരുമാനത്തിലെത്തുന്നതിന് മുൻപ് കാര്യങ്ങൾ കുറെ കൂടി മനസ്സിലാക്കേണ്ടതുണ്ട്. എങ്കിലും ചില ഇടപെടലുകൾ നടത്താതെ വയ്യ. ഇപ്പോൾ തന്നെ അമിതമായ അളവിൽ രോഗി വേദനസംഹാരികൾ അകത്താക്കി കഴിഞ്ഞു. വളരെ മൈൽഡ് ആയ ട്രാൻ ക്വിലൈസെഴ്സ് മാത്രമേ ഈ രോഗത്തിനു ആവശ്യമുള്ളൂ , വേണമെങ്കിൽ അല്പംകൌൺസിലിംഗും. അതുകൊണ്ട് ജീവൻ പറഞ്ഞു:

“ ഞാൻ പറയുന്നതു വരെ നിങ്ങൾ ഇനി വേദനക്ക് മരുന്നൊന്നും കഴിക്കരുത്”

“ അപ്പോൾ എന്റെ വേദനകൾ?” കേണൽ നെക്ക് കോളറിൽ തൊട്ടു കൊണ്ട് ചോദിച്ചു.
അതിനു വഴിയുണ്ട് . താങ്കൾ വലത്തു കൈ കൊണ്ട് എന്റെ ഇടത്തു ചെറുവിരലിൽ മുറുകെ പിടിക്കുക. അല്പനേരം കണ്ണടച്ചിരിക്കുക. അതെ അങ്ങനെ . ഇനി കൺകൾ തുറന്ന് എന്റെ ചെറുവിരലിൽ നോക്കുക. കേണൽ മേനോൻ അത്ഭുതത്തോടെ യാണ് ആകാഴച കണ്ടത്. ഡോക്റ്ററുടെ ഇടത്തു ചെറുവിരൽ നീലയായിരിക്കുന്നു.

“ അതെ, താങ്കളുടെ വേദനയെല്ലാം ഞാൻ ആവാഹിച്ചെടുത്തിരിക്കുന്നു.”
ആദ്യത്തെ കൂടികാഴച അങ്ങനെ അവസാനിച്ചു. പിന്നീടുള്ള ഓരോ സന്ദർശനങ്ങളിലും ജീവൻ അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ ശ്രമിച്ചു. വളരെ സംസാരപ്രിയനായിരുന്നു കേണൽ.സ്വന്തം ജീവിതം ഒരു കഥാപുസ്തകം പോലെ അദ്ദേഹം ജീവനു മുന്നിൽ തുറന്നിട്ടു. ജീവിതത്തെ കുറിച്ച് ഒരു പാട് മനസ്സിലാക്കിയ , വളരെ പക്വതയും ശാസ്ത്രബോധവുമുള്ള ഒരാൾ എന്ന ധാരണമാത്രമെ ജീവനു സാമാന്യമായി ലഭിച്ചുള്ളൂ . അത്തരമൊരു ജീവിതത്തിൽ മാനസികപ്രശനങ്ങൾ പൂവിടുവാനുള്ള സാധ്യത അപൂർവ്വമാണ്. വായനമുതൽ വാന നിരീക്ഷണം വരെ വളരെ വൈവിധ്യമുള്ളഹോബികളാണ് കേണ്ലിനുള്ളത്. ഗുലാം അലി , ജഗജിത് സിംഗ് തുടങിയവരുടെ ഗസലുകളെ കുറിച്ച് അവർ രാവേറെ സംസാരിച്ചിരുന്നു. ഓരോസന്ദർശനങ്ങളും അദ്ദേഹത്തിന് ഒരു സൈക്കോതെറാപ്പിയുടെ ഗുണം ചെയ്തിരിക്കണം. ഒരിക്കൽ ഒരു പിടി ഗുളികകൾകഴിച്ചിരുന്ന ഇപ്പോൾ വളരെ കുറച്ചുമരുന്നുകളെ കഴിക്കുന്നുള്ളു. ചില സെഡെറ്റീവുകൾ മാത്രം. അതെ, അതില്ലാതെ ഇപ്പോഴും ഉറക്കംഅദ്ദേഹത്തിനു അസാധ്യം തന്നെ. കഥകളുടെ മാളികകെട്ടിലെ മുറികൾ ഒന്നൊന്നായി തുറക്കുമ്പോഴും ഒരു രഹസ്യമുറിയുടെ താക്കോൽ കേണൽ ഇപ്പൊഴും ഭദ്രമായി സൂക്ഷിക്കുകയാണെന്ന് ജീവനു തോന്നിയിരുന്നു. കഴിഞ്ഞ സന്ദർശനത്തിലാണ് അതിന്റെ ചില സൂചനകൾ ലഭിച്ചത്.

“ഡോക്റ്റർ ആഭിചാരത്തിൽ വിശ്വസിക്കുന്നുണ്ടോ? ഐ മീൻ , ഇംഗ്ലീഷിൽ “ എനിമാഗസ്” എന്നു പറയുന്ന ഒരുവിഭാഗം ആളുകൾ ഇവിടെയൊക്കെ ജീവിച്ചിരിപ്പുണ്ടോ? ”

കേണലിനെ പോലൊരാളിൽ നിന്ന് അത്തരം ഒരു ചോദ്യം അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ട് ജീവൻ ഒരു നിമിഷം പകച്ചു പോയി. തികച്ചും അന്ധവിശ്വാസമാണെന്നു ബോധ്യമുണ്ടായിട്ടും അത്തരം കാ‍ര്യങ്ങളെ കുറിച്ച് ആധികാരികമായി പറയാൻ താൻ ആളല്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ജീവൻ. പക്ഷെ ആചോദ്യം ഇതു വരെ തുറക്കാത്ത ഒരു രഹസ്യത്തിലേക്കുള്ള ചൂണ്ടു പലകയാണെന്ന് ജീവൻ അറിഞ്ഞു. അതു കൊണ്ട് \ ഇന്ന് കേണൽ കൺസൾട്ടെഷൻ റൂമിലേക്ക്കടന്നു വന്നപ്പോൾ ജീവൻ ആമുറിയുടെ വാതിലിൽ നേരിട്ട് മുട്ടുവാൻ തീരുമാനിച്ചു.

“ ഞാൻ താങ്കളുടെ ഉറക്കഗുളികകൾ നിറുത്താൻ പോകുകയാണ്”. അദ്ദേഹത്തിന്റെ കണ്ണുകളിൽ ഉറ്റുനോക്കികൊണ്ട് ജീവൻപറഞ്ഞു .

“പക്ഷെ എന്റെ ഉറക്കം?”

“അതെ, അതാണെനിക്കറിയേണ്ടത്..താങ്കളുടെ ഉറക്കം കെടുത്തുന്ന ആരഹസ്യം”
ആ ജീവിത പുസ്തകത്തിന്റെ താളുകൾ ഡോക്ടർക്കു മുൻപിൽ ഒന്നൊന്നായി മറിഞ്ഞു..

“പിതാവ് ഉത്തരേന്ത്യയിൽ റെയിൽ വെ ഉദ്യോഗ്സ്ഥനായിരുന്നു.അതുകൊണ്ട് ഞാൻ പഠിച്ചതുംവളർന്നതും ബോംബെയിലും ഡെൽഹിയിലുമൊക്കെയായിരുന്നു. പഠനത്തിനു ശേഷം ആദ്യമായി പിഡബ്ലിയുഡി ഡിപ്പാർട്ടുമെന്റിൽ ജോലിയിൽ പ്രവേശിച്ചു. രുദ്രപ്രയാഗിനടുത്തുള്ള ദുർഗാപൂർ ഗ്രാമത്തിൽ ആയിരുന്നു ആദ്യപോസ്റ്റിംഗ്. കിഴക്കും പടിഞ്ഞാറുമുള്ള നഗരങ്ങളെ ബന്ധിച്ചു കൊണ്ട് നടന്നു വരുന്ന റോഡിന്റെ നിർമ്മാണം അപ്രതീക്ഷിതമായൊരു തടസ്സം നേരിട്ടതുകൊണ്ട് നിർത്തിവച്ചിരിക്കുകയാണ്. ഗ്രാമത്തിലെ പുരാതനമായ ജമീന്ദാരുടെ പുരയിടത്തിലെ നല്ലൊരുഭാഗം റോഡിനു വേണ്ടി വിട്ടു കിട്ടേണ്ടതുണ്ട്. ജമീന്ദാർമാർ കൊല്ലിനും കൊലയ്ക്കുമൊക്കെ പേരുകേട്ടവരാണ്. പക്ഷെ ഇപ്പോഴത്തെ ജമീന്ദാർ ഒരു ദുർമന്ത്രവാദിയാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. പുരാതനമായ ഹവേലിയിൽ മിക്കവാറും ഒറ്റപ്പെട്ടാണ് അയാൾ താമസിക്കുന്നത്.
വർഷങ്ങളായി ആളെ ഗ്രാമവാസികളാരും പുറത്ത് കാണാറില്ല. മൂങ്ങയുടെ മുഖമുള്ള, മിണ്ടാപ്രാണിയായ , കറുത്ത നിറമുള്ള ഒരു വളർത്തു നായയാണ് ജമീന്ദാരെ പുറം ലോകവുമായി ബന്ധിക്കുന്ന കണ്ണി .
രുദ്രൻ എന്ന് പേരുള്ള ഈ നായ ഒരു ദിവസം എന്റെ ക്വാർട്ടേഴ്സിലും വന്നു..
രാവിലെ വാതിൽ തുറക്കുമ്പോൾ ബാക്ക് യാർഡിൽ കിടന്നിരുന്ന ഒരു പഴയ ചൂരൽ കസേരയിൽ എന്നെ കണ്ട് എന്തോ പരാതി ബോധിപ്പിക്കാനെത്തിയ ഒരു സന്ദർശകനെ പോലെ ഇരിക്കുകയാണ് കക്ഷി. ഞാൻ ഒച്ചവച്ച് ഓടിക്കാൻ ശ്രമിച്ചിട്ടൊന്നും അവനു യാതൊരു കുലുക്കവുമില്ല. എനിക്കാണെങ്കിൽ, സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു സുഹൃത്ത് “ഹൈഡ്രോഫോബിയ”ബാധിച്ച് മരിച്ചതിൽ പിന്നെ നായകളെ വല്ലാത്ത ഭയമാണ്. അവനെ എറിഞ്ഞോടിക്കാനായി ഞാൻ കല്ലെടുത്തു . അപ്പോൾ പട്ടാളത്തിൽ നിന്നു ലീവിൽ വന്ന അടുത്ത വീട്ടിലെ താമസക്കാരനായ ഹവീൽദാർ എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു:
“അതിനെഉപദ്രവിക്കണ്ട. അതവിടെ ചുറ്റിപറ്റി നിന്ന് പോയ്ക്കോളും. ജമിന്ദാറിന്റെ വളർത്ത് നായയാണ് അത്.” ഹവൽദാർ രാംസിംഗ് ആണ് ജമീന്ദാരുടെ കഥകൾ പറഞ്ഞു തന്നത്.
പൂർവ്വികരുടെ ആത്മാക്കളെ കുടിയിരുത്തിയിരിക്കുന്ന ആ പ്ലാശ് മരത്തിന്റെ കഥയും. അതിശയോക്തി മാറ്റിനിർത്തിയാൽ പോലും നിഗൂഢമായ ഒരു ആകർഷണം കഥകൾക്കുണ്ടെന്നു എനിക്കു തോന്നി. വർഷങ്ങൾക്കുമുൻപുണ്ടായ ഒരു നക്സൽ ആക്രമണത്തിൽ ജമീന്ദാർ കുടുംബത്തിൽ അവശേഷിക്കുന്നത് ഒരേ ഒരാൾ മാത്രം. ഒറ്റപെടലും ഭയവുംഅയ്യാളെ ഒരു അന്തർ മുഖനാക്കിയിരിക്കുന്നു...പുറം കാഴചയിൽ യമപുരിയെ പോലെ തോന്നിക്കുന്ന ഒരു വലിയ ഹവേലിയിൽ സ്വയം സൃഷ്ടിച്ച തടവിൽ കിടക്കുകയാണ് അയാൾ..നാട്ടിൽ നടക്കുന്ന ദൂരൂഹമായാ സംഭവങ്ങളൊക്കെ തന്നെ അയാളുടെ മേൽ ആരോപിക്കപെടുകയാണ്..ഒരിക്കൽ രുദ്രനെ മാർക്കറ്റിൽ വച്ച് ഉപദ്രവിച്ചഒരു വഴിപോക്കന് അല്പസമയത്തിനകം വാഹനമിടിച്ച് പരുക്കേറ്റതും..റോഡ് നിർമ്മാണത്തിനു വേണ്ടി ജമീന്ദാരുടെവീട്ട് മതിലിന്റെ ആദ്യത്തെ കല്ലിളക്കിയ പയ്യന് സർപ്പദംശമേറ്റതും..ജമീന്ദാരുടെ മന്ത്രസിദ്ധികളായാണ് നാട്ടുകാർ കാണുന്നത്.. എന്തായാലും അല്പസമയത്തിനു ശേഷം രുദ്രൻ അപ്രത്യക്ഷനായിരുന്നു...പക്ഷെചൂരൽ കസേരയിൽ എന്റെ പേരെഴുതിയ ഒരു കത്ത് കിടക്കുന്നു..അതിൽ ഒരേയൊരു വരി മാത്രമെ ഉണ്ടായിരുന്നുള്ളൂ..

“നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു..ജമീന്ദാർ.-------.”
അന്നുസന്ധ്യക്ക് ഞാൻ ഹവേലിയിൽ എത്തി. മതിലോരത്തുനിന്നിരുന്ന വലിയപ്ലാശ് മരം ഞാൻ നോക്കികണ്ടു. അതിന്റെകൊമ്പുകളിൽ ചുവന്നതുണികൊണ്ട് പൊതിഞ്ഞ കലശങ്ങൾ തൂങ്ങി കിടന്നിരുന്നു. കൂരിരുൾ പരത്തുന്ന കുറ്റിച്ചെടികൾ ഇരുവശങ്ങളിലും വരിവരിയായിനിൽക്കുന്ന നീണ്ട നടപ്പാതയിലൂടെ നടന്ന് സന്ധ്യാവെളിച്ചത്തിൽ ഒരു മാന്ത്രിക കോട്ടപോലെ നിൽക്കുന്ന ഹവേലിയുടെ വിശാലമായ മുറ്റത്തെത്തി.

“വരൂ അകത്തേക്കു വരൂ..” അകതളത്തിൽ കൊത്തു പണികളുള്ള കസേരയിൽ ഉപവിഷ്ടനായിരിക്കുന്ന ജമീന്ദാറിനെ ഞാൻനേരിട്ടുകണ്ടു. ശാന്തമായ മുഖത്ത് ജ്വലിക്കുന്ന കണ്ണുകൾ..... ഞാൻ അകത്തേക്ക് പ്രവേശിച്ചു. ഒരു വലിയ മേശമേൽ നിരവധിവെള്ളിതാലങ്ങളിലായി പലവിധത്തിലുള്ള പഴങ്ങൾ..നാഗപൂരിലെ ഓറഞ്ച് മുതൽ ബർമ്മയിലെ മാൻ ഗോസ്റ്റീൻ വരെ.. “ഇരിക്കൂ ...” ഒരു ഫല ഭോജനത്തിനായി എന്നെ ക്ഷണിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

“ നിങ്ങൾ ഈ ഉദ്യമത്തിൽ നിന്ന് പിൻമാറണം..” ഞാൻ ഇരുന്നു കഴിഞ്ഞപ്പോൾ ജമീന്ദാർ നേരിട്ട് വിഷയത്തിലേക്ക് കടന്നു.

“നിങ്ങൾക്കറിയാമല്ലോ സ്ഥലം വിട്ടു തരുന്നതിലല്ല എനിക്കുള്ള എതിർപ്പ്..പക്ഷെ ആ പ്ലാശ് മരം മുറിക്കാൻ ഞാൻ സമ്മതിക്കുകയില്ല..നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് അതിന് ജമീന്ദാർ കുടുംബത്തിലെ മരിച്ചു പോയ പൂർവ്വികരുടെഇരിപ്പിടമാണ് അത്.. ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് മുറിക്കാ‍ൻ സമ്മതിക്കുകയില്ല...” ഭീഷണി നിറഞ്ഞ ഒരു താക്കീത് ആയിരുന്നതെങ്കിലും അദ്ദേഹത്തിന്റെ മുഖം അപ്പോഴും ശാന്തമായിരുന്നു...
ചെറുപ്പത്തിന്റെ എടുത്തുചാട്ടം കൊണ്ടായിരിക്കാം. ഞാൻ അല്പം ധിക്കാരത്തോടെ പ്രതികരിച്ചത്..
“ഞങൾ നാളെ തന്നെ ആമതിൽ ഇടിച്ചു നിരത്തും..മരം മുറിച്ചുമാറ്റും.. എത്രയും പെട്ടെന്ന് റോഡ് നിർമ്മാണം പൂർത്തിയാക്കും..ഏതോ ചില വിശ്വാസങ്ങളുടെ പേരിൽ ഒരു ഗ്രാമത്തിന്റെ മുഴുവൻ വികസന പ്രവർത്തനങൾക്കു തടസ്സം നിൽക്കുകയാണ് നിങ്ങളെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം”

“ ശരി എങ്കിൽ നിങ്ങൾക്കു പോകാം..” ജമീന്ദാരുടെ സ്വരത്തിൽ അരിശമുണ്ടെന്ന് തോന്നിയില്ല. അപ്പൊഴേക്കും ഇരുൾ വീണുതുടങ്ങിയിരുന്ന നടക്കാവിലൂടെ ഞാൻ തിരിച്ചു നടന്നു..
പുറകിൽ എന്തൊ അണക്കുന്ന സ്വരം കേട്ടു ഞാൻ തിരിഞ്ഞ് നോക്കി..അപ്പോൾ ജമീന്ദാരുടെ ആ കറുത്തനായ വല്ലാത്തൊരു രൌദ്രഭാവത്തോടെഎനിക്കു നേരെ കുതിച്ചു വരുന്നതാണ് കണ്ടത്..എന്നെ ആക്രമിക്കുക എന്നത് തന്നെയാണ് ലക്ഷ്യം..!!
അടുത്ത് കണ്ട ഒരു മരത്തടി ഞാൻ കൈയിലെടുത്തു..നായ അടുത്തെത്തിയതും അതെന്റെ കഴുത്തിനു നേരെ ചാടി..പ്രാണരക്ഷാർഥം ഞാൻ കൈയിലിരുക്കുന്ന മരത്തടിവീശി ..നായയുടെശിരസ്സിൽ തന്നെ കൊണ്ടു..അത് ഒരു മോങ്ങലോടെ കുഴഞ്ഞു വീണു.. ചത്തെന്ന് ഉറപ്പുവരുത്തുവാൻ വീണ്ടും വീണ്ടും തലക്കടിച്ചു.......
അന്ന് രാത്രി വൈകി ആണ് ഞാൻ ഉറങ്ങിയത്..ഇടക്ക് ദു:സ്വപ്നങ്ങളും കണ്ടിരുന്നു.
നേരം വെളുത്തപ്പോൾ ആരോ വാതിലിൽ മുട്ടുന്നു..തുറന്നു നോക്കിയപ്പോൾ രാംസിംഗ് ആണ്.

"അറിഞ്ഞോ നമ്മുടെ ജമീന്ദാർ കൊല്ലപ്പെട്ടിരിക്കുന്നു...ഇന്നലെ രാത്രി..ആരോ മരത്തടികൊണ്ട് തലക്കടിച്ച്................................”

അന്ന് പകലും രാത്രിയും ഞാൻ പനിച്ചു കിടന്നു.. പിറ്റെന്നു തന്നെ ദീർഘ അവധിക്ക് അപേക്ഷിച്ചു..പിന്നീട് ആ ജോലി തന്നെ ഉപേക്ഷിച്ച് പട്ടാളത്തിൽ ചേർന്നു..വർഷങ്ങളെത്രയോ കഴിഞ്ഞിട്ടും ഇന്നും ഒരു പോലീസ് ജീപ്പിന്റെ ശബ്ദം കാതോർത്ത് ഞാൻ ഉറങ്ങാതിരിക്കുന്നു..............”

Sunday, October 4, 2009

പ്രിയ സുഹൃത്തുക്കളേ...ഞാൻ ഈ ലോകത്ത് ഒരു തുടക്കക്കാരിയാണു..നിങ്ങളിൽ പലരുടെയും പോസ്റ്റുകൾ വായിച്ചുണ്ടായ ചെറിയ പ്രചോദനം ഒന്നു കൊണ്ടു മാത്രമാണു ഞാൻ ഈ എളിയ ഉദ്യമത്തിനു മുതിരുന്നത്..പണ്ടെങ്ങോ സ്കൂൾ കാലഘട്ടത്തിലെഴുതിയിരുന്ന ചെറിയ ധൈര്യവും കൂട്ടിനുണ്ടെന്നു കൂട്ടിക്കോളൂ...അപ്പോൾ കണ്ടതും കേട്ടതും ഇടക്കു കുത്തിവരച്ചതും ഞാനിവിടെ പോസ്റ്റാക്കും..
ചെറിയ തെറ്റുകുറ്റങ്ങൾ ക്ഷമിച്ച് നിങ്ങളോടൊപ്പം കൂട്ടില്ലേ??